കാമുകി ധരിച്ച ചുരിദാർ ഇഷ്ടമായില്ല: കോട്ടയം നഗരമധ്യത്തിൽ മലയാള മനോരമയ്ക്കു സമീപം കാമുകൻ കാമുകിയുടെ കരണത്തടിച്ചു; അടികണ്ട പൊലീസ് ഇടപെട്ടു; ബുള്ളറ്റിലെത്തിയ കാമുകനെ പൊലീസ് പൊക്കിയതോടെ പ്രണയം പൊളിഞ്ഞ് പാളീസായി
സ്വന്തം ലേഖകൻ
കോട്ടയം: യുവതിയായ കാമുകി ധരിച്ച ചുരിദാർ ഇഷ്ടപ്പെടാതിരുന്ന കാമുകൻ കോട്ടയം നഗരമധ്യത്തിൽ വച്ച് കാമുകിയുടെ കരണത്തടിച്ചു. കണ്ടു നിന്ന നാട്ടുകാരിലൊരാൾ വിവരം പൊലീസിലും അറിയിച്ചു. കാമുകിയും കാമുകനും സ്ഥലത്തു നിന്നു മുങ്ങിയെങ്കിലും, ഇരുവരെയും പൊക്കിയ പൊലീസ് സംഘം പ്രണയവും പൊളിച്ചടുക്കി.
ബുധനാഴ്ച ഉച്ചയോടെ കോട്ടയം നഗരമധ്യത്തിൽ മലയാള മനോരമയ്ക്കു സമീപമായിരുന്നു സംഭവം. നഗരത്തിലെ പ്രമുഖ കോളേജിലെ ഡിഗ്രി വിദ്യാർത്ഥികളും ഒരേ കോളേജിൽ പഠിക്കുന്നവരുമായിരുന്നു ഇരുവരും. ബുധനാഴ്ച കോളേജിലെത്തിയ യുവതി ധരിച്ച ചുരിദാർ കാമുകനായ യുവാവിന് ഇഷ്ടമായില്ല. ചുരിദാറിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. കാമുകനോടു പിണങ്ങി യുവതി കോളേജ് വിട്ടിറങ്ങുകയും ചെയ്തു. കോളേജിൽ നിന്നിറങ്ങി നടന്ന യുവതി നേരെ എത്തിയത് മലയാള മനോരമയ്ക്കു മുന്നിൽ നിന്നു താഴേയ്ക്കുള്ള ഗുഡ്‌ഷെഡ് റോഡിലാണ്. പിന്നാലെ, ഒരു ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ കാമുകനും പറന്നെത്തി.
നടുറോഡിൽ കാമുകിയെ തടഞ്ഞു നിർത്തി കാമുകൻ ചോദ്യം ചെയ്തു. റോഡിൽ വച്ചുള്ള ചോദ്യം ചെയ്യൽ ഇഷ്ടപ്പെടാതിരുന്ന യുവതി, കാമുകനെ കടന്ന് പോകാൻ ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാമുകൻ യുവതിയുടെ കരണത്തടിച്ചു. അടിയേറ്റ യുവതി റോഡിനു നടുവിൽ നിന്ന് പൊട്ടിക്കരയുകയും ചെയ്തു. ആളുകൾ കൂടി സംഗതി കൈവിട്ട് പോകുമെന്നു കണ്ട യുവാവ് ഉടൻ ബുള്ളറ്റിൽ സ്ഥലം വിട്ടു. ഇതിനിടെ യുവതിയും കോളേജിലേയ്ക്കു മടങ്ങുകയും ചെയ്തു.
എന്നാൽ, സംഭവം കണ്ടു നിന്ന നാട്ടുകാരിൽ ഒരാൾ വിവരം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനെ അറിയിച്ചു. ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നിർദേശം അനുസരിച്ച് ഓപ്പറേഷൻ ഗുരുകുലം നോഡൽ ഓഫിസറായ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഗുഡ്‌ഷെഡ് റോഡിൽ എത്തി. എന്നാൽ, യുവതിയെയോ യുവാവിനെയോ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ സമീപത്തെ കടയിലെ വ്യക്തി തന്നെ സൂചന പ്രകാരം ബുള്ളറ്റ് ബൈക്കിന്റെ നമ്പർ പൊലീസ് കണ്ടെത്തി. നഗരത്തിലെ കോളേജ് വിദ്യാർത്ഥിയുടേതാണ് ബുള്ളറ്റെന്ന് കണ്ടെത്തിയ പൊലീസ്, ഇയാളെ പിടികൂടി. തന്റെ സുഹൃത്താണ് ബുള്ളറ്റുമായി പോയതെന്നായിരുന്നു ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബുള്ളറ്റിലെത്തിയ കാമുകനെ പൊലീസ് പൊക്കി.
അടികിട്ടിയ യുവതിയെയും, അടികൊടുത്ത യുവാവിനെയും കണ്ടെത്തിയ പൊലീസ് ഇരുവരെയും ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. രണ്ടു പേരുടെയും വീട്ടുകാരെയും വിളിച്ചു വരുത്തി കാര്യങ്ങളെല്ലാം ധരിപ്പിക്കുകയും ചെയ്തു. കോളേജ് വിദ്യാർത്ഥിയായ കാമുകൻ കാമുകിയോട് കൂടുതൽ അധികാരം പ്രയോഗിക്കാൻ പോയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് കണ്ടെത്തി. തുടർന്ന് ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കരുതെന്ന് ഇരുവർക്കും താക്കീത് നൽകി. യുവതി പരാതിയില്ലെന്ന് പറഞ്ഞതിനാൽ യുവാവിനെതിരെ കേസെടുത്തില്ല. വീട്ടുകാർ വിവരമെല്ലാം അറിഞ്ഞതോടെ ഒരു മാസം മാത്രമായ പ്രണയവും അവിടെ പൊലിഞ്ഞു.