
പോലീസുദ്യോഗസ്ഥരുടെ പേരിൽ വൻ തട്ടിപ്പ്, വ്യാജ ഐ.ഡി നിർമിച്ചും സോഷ്യൽമീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തും തട്ടിപ്പ്, കൊച്ചി നഗരത്തിൽ മാത്രം 20 കോടി രൂപയുടെ നഷ്ടം; ഇത്തരത്തിൽ മെസ്സേജ് വന്നാൽ ഉടൻ പോലീസിൽ അറിയിക്കണമെന്ന് നിർദേശം
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും വിവരങ്ങളും ദുരുപയോഗം ചെയ്ത് ഓൺലൈൻ തട്ടിപ്പുകൾ.
അക്കൗണ്ട് ഹാക്ക് ചെയ്തും വ്യാജ ഐ.ഡി നിർമിച്ചും ചാറ്റ് ചെയ്താണ് തട്ടിപ്പുകൾക്ക് കളമൊരുക്കുന്നത്. കൊച്ചി നഗരത്തിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഐ.ഡി നിർമിച്ച് നിരവധി തട്ടിപ്പ് ശ്രമങ്ങളാണ് നടന്നിരിക്കുന്നത്.
ഫെയ്സ്ബുക് മെസഞ്ചറിലൂടെ സന്ദേശം അയക്കുന്ന തട്ടിപ്പുകാർ ഫോൺ നമ്പറാണ് ആദ്യം ചോദിക്കുന്നത്. നമ്പർ നൽകുന്നവരോടും അല്ലാത്തവരോടുമൊക്കെ ചാറ്റ് ചെയ്ത് അത്യാവശ്യമായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ മെസേജുകൾ വന്നാൽ ഉടൻ പോലീസിൽ വിവരമറിയിക്കണമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. നേരിട്ട് പണം ആവശ്യപ്പെടുന്നത് കൂടാതെ മറ്റു പല തരത്തിലും തട്ടിപ്പ് നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
സുഹൃത്തായ ഉത്തരേന്ത്യൻ സ്വദേശി ഉദ്യോഗസ്ഥൻ കേരളത്തിൽ നിന്ന് സ്ഥലം മാറി പോകുകയാണെന്നും ഇദ്ദേഹത്തിന്റെ വീട്ടുപകരണങ്ങൾ കുറഞ്ഞ വിലക്ക് നൽകാമെന്നും പറഞ്ഞ് മെസേജ് അയക്കുന്ന സംഭവങ്ങളുമുണ്ട്. കുറഞ്ഞ വിലയിൽ സാധനങ്ങൾ പാഴ്സലായി വീട്ടിലെത്തിച്ച് തരാമെന്നായിരിക്കും വാഗ്ദാനം.
മറുപടി നൽകിയാൽ അഡ്വാൻസ് തുക ഓൺലൈൻ മുഖാന്തിരം അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നതാണ് രീതി. നാലു മാസത്തിനിടെ കൊച്ചി നഗരത്തിൽ മാത്രം ഓൺലൈൻ തട്ടിപ്പിലൂടെ 20 കോടി രൂപയാണ് നഷ്ടമായതെന്ന് കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമീഷണർ വ്യക്തമാക്കിയിരുന്നു.
എറണാകുളം റൂറലിൽ മൂന്നു കോടിയിലേറെ രൂപയുടെ തട്ടിപ്പും ഇത്തരത്തിൽ നടന്നിട്ടുണ്ടെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചിരുന്നു.
ശ്രദ്ധിക്കുക…
.ഒരു അന്വേഷണ ഏജൻസിയും വ്യക്തിഗത അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടില്ല.
.പരിചയമില്ലാത്ത നമ്പറിൽനിന്നുളള വീഡിയോ കോളുകൾ എടുക്കരുത്.
.അനധികൃത ലോൺ ആപ്പുകളുൾ ഉൾപ്പെടെയുളളവ ഇൻസ്റ്റാൾ ചെയ്യരുത്.
.ബാങ്കിൽ നിന്നാണെന്നോ കസ്റ്റമർ കെയറിൽ നിന്നാണെന്നോ വിളിച്ച് ഒ.ടി.പി നമ്പറുകൾ അടക്കം ചോദിക്കുന്ന തട്ടിപ്പുകളിലും വീഴരുത്.
.അബദ്ധത്തിൽ പണം നഷ്ടമായാൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിശദ വിവരങ്ങൾ സഹിതം പരാതി നൽകണം.