ക്ലാസ് മുറികളിൽ കുട്ടികളോട് ഫീസിന്റെ കാര്യം ചോദിക്കരുത്, ബോഡി ഷെയ്മിങ്ങും വേണ്ട: നിർദ്ദേശവുമായി  മന്ത്രി ശിവൻകുട്ടി

Spread the love

 

തിരുവനന്തപുരം: ക്ലാസ് മുറികളില്‍ ബോഡി ഷെയ്മിങ് അടക്കം വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അധ്യാപകരില്‍ നിന്നോ സ്‌കൂള്‍ അധികാരികളില്‍ നിന്നോ ഉണ്ടാകാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

 

വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ക്ലാസ് മുറികളില്‍ വെച്ച് ഫീസ് ചോദിക്കാന്‍ പാടില്ല. കഴിവതും ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പരിഹരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

 

കൂടാതെ പഠന യാത്രയ്ക്ക് പണമില്ലെന്ന കാരണത്താല്‍ ഒരു കുട്ടിയെപ്പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുതെന്ന മന്ത്രിയുടെ നിര്‍ദേശം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സ്‌കൂള്‍ പഠനയാത്രകള്‍, വിനോദയാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് വന്‍തോതിലുള്ള തുകയാണ് ചില സ്‌കൂളുകളില്‍ നിശ്ചയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിയാതെ അവരില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നുണ്ട്. പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

 

സ്‌കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്‌മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞിരുന്നു.