രക്തദാനവും ബോധവത്കരണവുമായി ലോക രക്തദാന ദിനാചരണം
സ്വന്തം ലേഖകൻ
കോട്ടയം : രക്തദാന ക്യാമ്പുകളും ബോധവത്കരണവും പ്രദര്‍ശനവും ഉള്‍പ്പെടെ വിപുലമായ പരിപാടികളോടെ കോട്ടയം ജില്ലയില്‍ ലോക രക്തദാന ദിനം ആചരിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, പാലാ ബ്ലഡ് ഫോറം, ബ്ലഡ് ഡോണേഴ്സ് കേരള എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍.
പാലയില്‍ നടന്ന മെഗാ രക്തദാന ക്യാമ്പില്‍ കോട്ടയം സബ് കളക്ടര്‍ ഈഷ പ്രിയ, പാലാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, നൂറ് തവണ രക്തദാനം നടത്തിയ ഷിബു തെക്കേമറ്റം എന്നിവര്‍ ഉള്‍പ്പെടെ 101 പേര്‍ രക്തം ദാനം ചെയ്തു. സെന്‍റ് തോമസ് കോളേജ്, അല്‍ഫോന്‍സാ കോളേജ്, ദേവമാതാ കോളേജ് എന്നിവിടങ്ങളിലെ നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാരും എന്‍.സി.സി കേഡറ്റുകളും രക്തദാനത്തില്‍ പങ്കാളികളായി. ലയണ്‍സ് എസ്.എച്ച്.എം.സി, മരിയന്‍ ഹോസ്പിറ്റല്‍, ഐ.എച്ച്.എം ഭരണങ്ങാനം എന്നിവിടങ്ങളിലെ രക്തബാങ്കുകളാണ് രക്തം ശേഖരിച്ചത്.
ജില്ലയില്‍ രക്ത സുരക്ഷ ഉറപ്പുവരുത്താന്‍ യുവജനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് പാലാ ടൗണ്‍ ഹാളില്‍ നടന്ന ജില്ലാതല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. ജില്ലയില്‍ രക്തദാന മേഖലയിലെ മികവിനുള്ള 2018ലെ പുരസ്കാരം ഷിബു തെക്കേമറ്റത്തിന് ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ സമ്മാനിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിജി ജോജോ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഈഷ പ്രിയ സന്ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ട്വിങ്കള്‍ പ്രഭാകരന്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ സാബു ഏബ്രഹാം, ജനമൈത്രി പൊലീസ് സി.ആര്‍.ഒ ബിനോയ് തോമസ് എന്നിവര്‍ സംസാരിച്ചു.
പാലാ, വൈക്കം, കാഞ്ഞിരപ്പളളി, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ നേതൃത്വത്തില്‍ ബോധവത്കരണവും പ്രദര്‍ശനവും നടത്തി.
ജില്ലാതല പരിപാടികളുടെ ഭാഗമായി കോട്ടയം നഗരത്തില്‍ ബോധവത്കരണ റാലി നടത്തി. ആരോഗ്യ വകുപ്പ്, ബ്ലഡ് ഡോണേഴ്സ് കേരള, മാള്‍ ഓഫ് ജോയി എന്നിവ സംയുക്തമായി സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പിന്‍റെ ഉദ്ഘാടനം മാള്‍ ഓഫ് ജോയിയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി. അനിതകുമാരി നിര്‍വഹിച്ചു.
ബി.ഡി.കെ. ജോയിന്‍റ് സെക്രട്ടറി ഡോ. വിശാല്‍ റോയ്, ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ശില്‍പ്പ, ഡോ. കെ.ജി. സുരേഷ്, ഡോ. ഷിനോബി കുര്യന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, മാള്‍ ഒഫ് ജോയി മാനേജര്‍ റോജു മാത്യു, അസിസ്റ്റന്‍റ് മാനേജര്‍ എ.ജി. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. 73 പേര്‍ രക്തദാനം നടത്തി. ധാത്രി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ സ്റ്റെം സെല്‍ ഡൊണേഷനു വേണ്ടിയുള്ള സ്ക്രീനിംഗ് ടെസ്റ്റും ഇതോടനുബന്ധിച്ചു നടത്തി.