പ്രതികാരച്ചുങ്കം: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്ന് സൂചന നൽകി ട്രംപ്; ബ്രിക്സ് രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന്

Spread the love

ദില്ലി: പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഡോണൾഡ് ട്രംപ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്നാണ് സൂചന. ഇതിനെ നേരിടുന്നതിന്റെ ഭാ​ഗമായി ബ്രിക്സ് രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന് നടക്കും. വ്യാപാര കരാർ ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ കമ്മീഷണർമാർ ഇന്ന് ദില്ലിയിലെത്തും. ഇന്ത്യ- യൂറോപ്യൻ യൂണിയൻ കരാർ ജനുവരിയിൽ ഒപ്പു വെക്കാനാണ് ആലോചന. ചർച്ചകൾ വിജയിച്ചാൽ യുറോപ്യൻ നേതാക്കളെ റിപ്പബ്ലിക് ദിന അതിഥികളായി ക്ഷണിക്കും.

അതേസമയം, റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധം ഏർപ്പെടുത്താൻ തന്‍റെ ഭരണകൂടം തയ്യാറാണെന്ന് സൂചന നൽകി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിലെ യുഎസ് ഓപ്പണിനായി പുറപ്പെടുന്നതിന് മുൻപ് വൈറ്റ് ഹൗസിന് പുറത്ത് വെച്ച് ഒരു റിപ്പോർട്ടർ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധങ്ങൾക്കായി നിങ്ങൾ തയ്യാറാണോ? എന്നാണ് റിപ്പോർട്ടർ ചോദിച്ചത്. “അതെ, ഞാൻ തയ്യാറാണ്” എന്ന് ട്രംപ് മറുപടി നൽകുകയായിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക് കൂടുതൽ താരിഫ് ആലോചിക്കുമോയെന്ന ചോദ്യത്തിനും അതെ എന്നായിരുന്നു ട്രംപിന്‍റെ ഉത്തരം.