
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം അതിരൂക്ഷം.
വീടുകളിലും പാചകം മുടങ്ങുന്ന വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഒരാഴ്ച മുന്‍പ് ബുക്ക് ചെയ്തവര്‍ക്ക് പോലും ഗാര്‍ഹിക സിലിണ്ടറുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇനിയും ദിവസങ്ങള്‍ കാത്തിരിക്കണമെന്നാണ് ഏജന്‍സികളുടെ മറുപടി.
പലയിടത്തും പുതിയ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതിനൊപ്പം ഏജന്‍സികളുടെ ഫോണ്‍ നമ്പറുകളും പ്രവര്‍ത്തനരഹിതമായത് ഉപഭോക്താക്കളെ കൂടുതല്‍ വലയ്ക്കുന്നു. ഹോട്ടല്‍, കേറ്ററിംഗ് മേഖലകളിലായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാണ് ഈ പ്രതിസന്ധിയിലൂടെ വഴിമുട്ടുന്നത്.
ഫുഡ് ഡെലിവറി ജീവനക്കാരെയും, പച്ചക്കറി-ഇറച്ചി-മത്സ്യ വ്യാപാരികളെയും ഇത് നേരിട്ട് ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ മുടങ്ങി സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തങ്ങുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളെയും ഹോട്ടലുകളുടെ അടച്ചുപൂട്ടല്‍ സാരമായി ബാധിക്കും.
ഇതിനുപുറമെ, മുന്‍കൂട്ടി ബുക്ക് ചെയ്ത വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളും ഗ്യാസ് ക്ഷാമം കാരണം കടുത്ത പ്രതിസന്ധിയിലാണ്.
വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ പല ഹോട്ടലുകള്‍ക്കും മുന്നില്‍ ‘ഗ്യാസ് ഇല്ലാത്തതിനാല്‍ അടച്ചിരിക്കുന്നു’ എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഊണ് തയ്യാറാക്കാന്‍ കൂടുതല്‍ ഇന്ധനം വേണ്ടതിനാല്‍ പലരും അത് നിര്‍ത്തി ഒറ്റപ്പാത്രത്തില്‍ തയ്യാറാക്കാവുന്ന ബിരിയാണി പോലുള്ള വിഭവങ്ങളിലേക്ക് മാറി.
ലൈവ് കൗണ്ടറുകളും ബേക്കറികളും രാത്രികാല തട്ടുകടകളും ഏതാണ്ട് അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഗ്യാസ് കിട്ടാതായതോടെ നഗരങ്ങളിലെ ചെറുകിട ഹോട്ടലുകള്‍ പോലും വിറകടുപ്പുകളിലേക്ക് മടങ്ങി.
പലരും ലോഡ് കണക്കിന് വിറകാണ് ഇപ്പോള്‍ ശേഖരിക്കുന്നത്. പുതിയ സിലിണ്ടര്‍ എന്ന് കിട്ടുമെന്നതില്‍ ഏജന്‍സികള്‍ക്കും വ്യക്തതയില്ല. സിലിണ്ടര്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അത്യാവശ്യത്തിന് മാത്രമേ നല്‍കൂ എന്നുമാണ് വിവരം.

