
ദോഹ: സന്തോഷത്തോടെ ആഘോഷത്തോടെ ആരംഭിച്ച യാത്ര, ഒറ്റ നിമിഷത്തിൽ എല്ലാം നഷ്ട്ടപ്പെട്ടു അതുവരെ കൂടെ ഉണ്ടായിരുന്നവർ ഇനി ഇല്ലെന്ന സത്യം ഉൾകൊള്ളാൻ കഴിയാതെ സഹയാത്രികർ.
കളിയും വികൃതിയുമായി ആഘോഷങ്ങളെ നയിച്ച രണ്ട് ഓമനമക്കൾ ഉൾപ്പെടെ അഞ്ചുപേർ തങ്ങളിൽ നിന്നും എന്നന്നേക്കുമായി അകന്നുപോയത് ആർക്കും ഇതുവരെയും വിശ്വസിക്കാനായിട്ടില്ല. സഹയാത്രികരുടെ മരണം തന്നെ പലരും അറിഞ്ഞത് ചൊവ്വാഴ്ചയോടെ. പങ്കാളിയുടെ വേർപാട്, ഭർത്താക്കന്മാരെ അറിയിക്കാൻ സഹയാത്രികർ ഏറെ പാടുപെട്ടു. അപ്പോഴും ആശ്വാസമായത് കെനിയയുടെ പലദിക്കിൽ നിന്നും ഓടിയെത്തിയ കേരള അസോസിയേഷൻ പ്രവർത്തകരായിരുന്നു.
അപകടം നടന്ന മധ്യകെനിയയിലെ നകുരു, ന്യാഹുരുരു പ്രദേശങ്ങളിലെ മലയാളികളാണ് ആശുപത്രികളിൽ ആദ്യം ഓടിയെത്തിയത്. പിന്നാലെ, തലസ്ഥാനമായ നൈറോബി ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കെനിയ കേരള അസോസിയേഷൻ ചെയർമാൻ ജോലറ്റ് എബ്രഹാമിന്റെ നേതൃത്വത്തിൽ സേവനസന്നദ്ധരായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അപകടത്തിൽപ്പെട്ടവർക്കൊപ്പം തുടരുന്നു. പരിക്കേറ്റവരുടെയും മരിച്ചവരുടെയും അടുത്ത ബന്ധുക്കളും കഴിഞ്ഞ ദിവസങ്ങളിലായി നൈറോബിയിലെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റവർ ഉൾപ്പെടെ എല്ലാവരും അപകട നില തരണം ചെയ്തതായി നൈറോബിയിലുള്ള ട്രാവൽ ഏജൻസി പ്രതിനിധി ഹർഷദ് കമറുദ്ദീൻ പറഞ്ഞു. അഞ്ചുപേരുടെയും മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയാക്കി നൈറോബിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്ന് വെള്ളിയാഴ്ചയോടെ നാട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷ.
യാത്രാസംഘത്തിലെ മറ്റു അംഗങ്ങളെയെല്ലാം ന്യാഹുരുരുവിൽ നിന്നും 200 കിലോമീറ്റർ അകലെ നൈറോബിയിലെത്തിച്ചിട്ടുണ്ട്. ഇവരുടെ മടക്കയാത്ര ആരോഗ്യ സാഹചര്യങ്ങൾക്കനുസരിച്ച് ഷെഡ്യൂൾ ചെയ്യും. നേരത്തെ അഞ്ചു പേർക്കാണ് ഗുരുതരമായ പരിക്കേറ്റത്. ഇവരെ എയർ ആംബുലൻസ് വഴി ന്യാഹുരുവിൽ നിന്നും നൈറോബിയിലേക്ക് മാറ്റി. 13പേരെ നകുരുവിൽ നിന്നും നൈറോബിയിലേക്ക് റോഡ് മാർഗവുമെത്തിച്ചു