
മൂർഖനുമായി ജീവൻ മരണ പോരാട്ടം; ഒടുവിൽ യജമാനനായി ജീവൻ ത്യജിച്ച് വളർത്തു നായ്ക്കൾ ; കണ്ണീരോടെ കുടുംബം
സ്വന്തം ലേഖകൻ
മാള : ഉടമയോട് ഏറ്റവും സ്നേഹവും കടപ്പാടും കാണിക്കുന്ന മൃഗങ്ങളിൽ മുമ്പൻ എന്നും വളർത്ത് നായ്ക്കൾ തന്നെയാകും. ജീവൻ പോലും പണയം വെച്ച് ഉടമയെ സംരക്ഷിക്കുന്ന വളർത്ത് നായ്ക്കളുടെ കഥകൾ ഒട്ടേറെ നമ്മൾ കേട്ടിട്ടുമുണ്ട്. അത് കെട്ടുകഥയല്ലന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് വളർത്തുനായ്ക്കളായ
ജൂഡോയും റോജറും.
അഷ്ടമിച്ചിറ കടമ്പാട്ടുപറമ്പിൽ സണ്ണിയുടെ അരുമകളായ 2 നായ്ക്കൾക്കാണ് മൂർഖൻ പാമ്പിനെ തുരത്തുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടത്. വീട്ടുവളപ്പിൽ കടന്ന മൂർഖൻ പാമ്പിനെ തുരത്തുന്നതിനിടയിലാണ് ഇരുവരും വിഷം തീണ്ടി ചത്തത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടിടങ്ങളിലായി നായ്ക്കൾ ചത്തുകിടക്കുന്നതാണ് രാവിലെ പുറത്തിറങ്ങിയ വീട്ടമ്മ കണ്ടത്. തൊട്ടരികിൽ
മൂർഖൻ 2 കഷ്ണമായി കിടക്കുന്നുണ്ടായിരുന്നു.
16ന് പുലർച്ചെ വീട്ടുപറമ്പിലെത്തിയ പാമ്പിനെ റോജറും ജൂഡോയും ചേർന്ന് തുരത്താൻ ശ്രമിച്ചു. ഇതിനിടയിൽ ശരീരത്തിൽ ധാരാളം കടിയേറ്റു. അവസാനം പാമ്പിനെ കൊന്നെങ്കിലും ഇരുവർക്കും ജീവൻ നഷ്ടമായി.
3 വർഷം മുൻപ് ഒരു സുഹൃത്താണ് നാടൻ നായ്ക്കുട്ടികളെ സണ്ണിക്കു കൊടുത്തത്. വൈകാതെ രണ്ടുപേരും വീട്ടുകാരുടെ ഓമനകളായി.
അരുമ നായ്ക്കളെ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് സണ്ണിയും കുടുംബവും. ഈ വാർത്തയറിഞ്ഞ നാട്ടുകാരും കണ്ണീരോടെയാണ് നായ്ക്കൾക്ക് വിട നൽകിയത്.