
കോട്ടയം: എംജി റോഡിൽ കോടിമത– ചന്തക്കടവ് ഭാഗത്തും മാർക്കറ്റിനു സമീപവും വളർത്തു നായ്ക്കളെ ഉടമസ്ഥർ ഉപേക്ഷിക്കുന്നതായി പരാതി. 15 ദിവസത്തിനുള്ളിൽ പത്തിലധികം നായ്ക്കൾ ഇവിടെ പുതിയതായി എത്തിയിട്ടുണ്ടെന്ന് പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികൾ പറഞ്ഞു.
രാത്രിയിലും പുലർച്ചെയുമാണ് നായ്ക്കളെ വാഹനത്തിലെത്തിച്ച് ഇറക്കിവിടുന്നത്. മാർക്കറ്റ് റോഡിൽ നിർത്തിയിടുന്ന കണ്ടെയ്നർ ലോറികളുടെ മറവിൽ വാഹനം നിർത്തിയാണ് പലരും നായ്ക്കളെ ഉപേക്ഷിക്കുന്നത്. ഇവയിൽ കുട്ടികളും പ്രായമായവയും ഉണ്ട്. വീടുകളിൽ മാംസം അടക്കമുള്ള ഭക്ഷണം കഴിച്ചു വളർന്ന നായ്ക്കൾക്ക് സമാന രീതിയിലുള്ള ഭക്ഷണവും പരിചരണവും ഇല്ലാതെ വരുമ്പോൾ ആക്രമണകാരികളാകുന്നുണ്ടെന്ന് മാർക്കറ്റിലെ ജീവനക്കാർ പറഞ്ഞു.
കോടിമത പച്ചക്കറി മാർക്കറ്റിൽ 110 സ്ഥിരം സ്റ്റാളുകളും ഒട്ടേറെ താൽക്കാലിക സ്റ്റാളുകളുമുണ്ട്. ജീവനക്കാരും വ്യാപാരികളും ചുമട്ടു തൊഴിലാളികളുമായി 300 ഓളം ആളുകൾ ഇവിടെ തൊഴിലെടുക്കുന്നു. മത്സ്യ മാംസ മാർക്കറ്റിലും ഒട്ടേറെപ്പേരുണ്ട്. സാധനങ്ങൾ വാങ്ങാനായി നൂറുകണക്കിന് ആളുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെയെത്തുന്നു. രണ്ട് മാസത്തിനിടയിൽ 3 പേർക്ക് ശുചിമുറിയുടെ സമീപത്തു നിന്നും നായയുടെ കടിയേറ്റിരുന്നു. നഗരസഭയുടെ കോടിമതയിലുള്ള സ്ഥലത്ത് നായകളുടെ ഷെൽട്ടർ നിർമിച്ച് നായ ശല്യം ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെയും തൊഴിലാളികളുടെയും ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


