
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ വീട്ടിൽ പാർപ്പിച്ചിരുന്ന എഴുപതോളം തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റി. കോർപ്പറേഷന്റെ ഇടപെടലിന് പിന്നാലെ തിരുവല്ലത്തെ എബിസി കേന്ദ്രത്തിലേക്കാണ് നായ്ക്കളെ മാറ്റിയത്.
നായ്ക്കൾ കാരണം പ്രദേശവാസികൾ കഴിഞ്ഞ രണ്ടുവർഷത്തോളമായി അനുഭവിച്ച ദുരിതങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതിനു പിന്നാലെയാണ് തിരുവനന്തപുരം നഗരസഭ ഈ വിഷയത്തിൽ നടപടി സ്വീകരിച്ചത്. ഇതോടെ നാട്ടുകാർക്ക് ഏറെ ആശ്വാസമായി.
ശനിയാഴ്ച തിരുവനന്തപുരം മേയർ വി.വി. രാജേഷ്, കൗൺസിലർ സിന്ധു ശശി, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് നായ്ക്കളെ മാറ്റാനുള്ള നടപടികൾക്ക് തുടക്കമിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നായ്ക്കളെ ആദ്യം നഗരസഭയുടെ എബിസി (അനിമൽ ബെർത്ത് കൺട്രോൾ) സെന്ററിലേക്ക് മാറ്റുകയും അവിടെ വാക്‌സിനേഷനും ആവശ്യമായ ചികിത്സകളും നൽകുകയും ചെയ്യും.
തുടർന്ന് അടുത്ത ദിവസങ്ങളിലായി സ്ഥിരമായ ഷെൽട്ടറുകളിലേക്ക് ഇവയെ മാറ്റാനാണ് തീരുമാനം. എബിസി സെന്ററിലെ സൗകര്യം അനുസരിച്ച് പരമാവധി നായ്ക്കളെ ശനിയാഴ്ചതന്നെ മാറ്റുമെന്നും ബാക്കിയുള്ളവയെ പിന്നീട് മാറ്റുമെന്നും മേയർ അറിയിച്ചു.
കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ മെറ്റിൽഡയുടെ വീട്ടിലായിരുന്നു തെരുവുനായ്ക്കളെ പാർപ്പിച്ചിരുന്നത്.
ഏകദേശം രണ്ടുവർഷത്തോളമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ പ്രദേശവാസികൾ കോർപ്പറേഷൻ ഓംബുഡ്‌സ്മാൻ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയ നിരവധി അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.
വീടിന്റെ മുറ്റത്തും റോഡിലും ടെറസിലും നിറഞ്ഞിരുന്ന നായ്ക്കളുടെ ആക്രമണം പേടിച്ചും ദുർഗന്ധം സഹിച്ചും നാട്ടുകാർക്ക് വഴി നടക്കാനും അവശ്യ സേവനത്തിനായുള്ള ആളുകൾക്ക് വീടുകളിൽ എത്താനും കഴിയാത്ത സ്ഥിതിയായിരുന്നു.



