കോട്ടയം കുമാരനെല്ലൂരിൽ ഡോഗ് ട്രെയിനിങ് സെന്ററിന്റെ മറവിൽ കഞ്ചാവ് വില്പന: രണ്ടാം പ്രതിയായ പനച്ചിക്കാട് സ്വദേശി പോലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖിക
ഗാന്ധിനഗർ: കുമാരനെല്ലൂരിൽ ഡോഗ് ട്രെയിനിങ് സെന്ററിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ കേസിലെ രണ്ടാം പ്രതി കസ്റ്റഡിയിൽ.
പനച്ചിക്കാട് പൂവൻതുരുത്ത് ഭാഗത്ത് ആതിര ഭവനിൽ വീട്ടിൽ അനന്തു പ്രസന്നൻ (25)നെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമാരനെല്ലൂരിൽ വീട് വാടകയ്ക്കെടുത്ത് ‘ഡോഗ് ട്രെയിനിങ് സെന്റർ നടത്തിയിരുന്ന കോട്ടയം പാറമ്പുഴ സ്വദേശിയായ റോബിൻ ജോർജിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ മാസം 17.8 കിലോ കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഈ കേസിലെ മുഖ്യപ്രതിയായ റോബിൻ ജോർജിനെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരുനെൽവേലിയിൽ നിന്ന് പിടികൂടിയിരുന്നു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാളുടെ ഒപ്പം കഞ്ചാവ് കച്ചവടം നടത്തിയിരുന്ന അഖിൽ ഷാജി, അനിൽകുമാർ ‘എന്നിവരെയും പോലീസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് ഈ കേസിലെ മുഖ്യപ്രതികളിലൊരാളായ അനന്തു പ്രസന്നൻ അന്യസംസ്ഥാനത്തേക്ക് കടന്നു കളഞ്ഞതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾക്ക് വേണ്ടി വിവിധ സംഘങ്ങളായി തിരിഞ്ഞ് ശക്തമായ തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് ഇയാൾ കോടതിയിൽ കീഴടങ്ങുന്നത്.
ഇയാൾ കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്തു വരികയാണ്.