
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർ ഇന്ന് നിരവധിയാണ്. ഇതേത്തുടർന്ന് പേവിഷയേൽക്കുന്നവരുമുണ്ട്. ഈ സന്ദർഭത്തിൽ നായയുടെ കടിയേറ്റാൽ എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെയാണ് ഈ സാഹചര്യത്തെ നേരിടേണ്ടത്, എന്താണ് ഇതിനുള്ള പരിഹാരം? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം.
പേവിഷബാധ ഉണ്ടാകുന്നത് എങ്ങനെ?
ഇന്ത്യയിൽ പൊതുവേ പേവിഷബാധ ഏൽക്കുന്നത് നായയുടെ കടിയേറ്റാണ്. മൃഗങ്ങളുടെ ഉമിനീരിൽ നിന്നാണ് അണുബാധ പകരുന്നത്. ഇവയുടെ ഉമിനീർ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികളിലാണ് വൈറസ് വളരുന്നത്. ഒരു നായ കടിക്കുമ്പോൾ അതിന്റെ ഉമിനീർ മുറിവുമായി കലർന്നാണ് പേവിഷബാധ ഉണ്ടാകുന്നത്. നായയുടെ രക്തത്തിലൂടെയോ, മലമൂത്ര വിസർജ്ജനത്തിലൂടെയോ വൈറസ് പകരുകയില്ല, അവരുടെ ഉമിനീരിൽ നിന്ന് മാത്രമാണ് പകരുന്നത്. അണുബാധ മാംസപേശികളിലേക്കും പിന്നീട് ഞരമ്പുകൾ വഴി മസ്തിഷ്‌കത്തിലും മറ്റു ശരീരഭാഗങ്ങളിലും വ്യാപിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പേവിഷബാധയുടെ രോഗലക്ഷണങ്ങൾ ?
നായയുടെ കടിയേറ്റ് ആദ്യത്തെ 10 – 20 ദിവസത്തിൽ രോഗിക്ക് ക്ഷീണം, തലവേദന, മനംപിരട്ടൽ, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും. അണുബാധയേറ്റ് 20 – 90 ദിവസത്തിലാണ് വെള്ളത്തിനോടുള്ള ഭയം, ഇരുട്ടിനോടുള്ള ഭയം, വെള്ളം കുടിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും തൊണ്ടയിൽ ബുദ്ധിമുട്ട്, എല്ലാ കാര്യങ്ങളോടും ഭയം എന്നീ രോഗലക്ഷണം പ്രകടമാകുന്നത്.
പേവിഷബാധ എങ്ങനെ പ്രതിരോധിക്കാം?
ഒരു നായയുടെ കടിയേറ്റാൽ അതിലെ അണുബാധയുടെ സാധ്യതയെ പലതലത്തിൽ തരം തിരിക്കാം.
∙ തെരുവ് നായയുടെ കടിയേറ്റാൽ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
∙ വളർത്തുനായയുടെ കടിയേൽക്കുകയാണെങ്കിൽ കൃത്യമായ കുത്തിവയ്പ്പുകൾ എടുത്തിട്ടുള്ള നായ ആണെങ്കിൽ അണുബാധാസാധ്യത വളരെ കുറവാണ്. എന്നിരുന്നാലും കൃത്യമായ നിർണയത്തിന് ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്.
∙ വളർത്തു നായയുടെ കടിയേൽക്കുകയും നായയിൽ അസാധാരണമായ പെരുമാറ്റ രീതികളിൽ അടുത്തകാലത്തായി എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കിൽ (ആക്രമണ സ്വഭാവം കൂടുക, അസാധാരണമായി മൂകമായിരിക്കുക, അടുത്തു ചെല്ലുമ്പോൾ പതിവില്ലാതെ ആക്രമിക്കാൻ ശ്രമിക്കുക) ഉറപ്പായും എത്രയും വേഗം ഡോക്ടറെ സമീപിക്കുകയും നായയെ മൃഗ ഡോക്ടറെ കാണിക്കുകയും വേണം.
∙ മറ്റു മൃഗങ്ങളായ പൂച്ച, എലി, അണ്ണാൻ എന്നിവയുടെ കടിയേൽക്കുകയാണെങ്കിൽ പേബാധയേൽക്കാൻ സാധ്യത കുറവാണ്. എന്നാൽ ആകസ്മികമായി വീട്ടിൽ വന്നു പോകുന്ന മൃഗങ്ങൾ ആണെങ്കിൽ അണുബാധ ഏൽക്കാനുള്ള സാധ്യതയുണ്ട്. കാരണം ഈ മൃഗങ്ങൾക്ക് പുറത്തുനിന്നും ഒരു പേവിഷബാധയുള്ള നായയുടെ കടിയേറ്റിട്ടുണ്ടോ എന്ന് നമുക്കറിയാൻ സാധിക്കില്ല. ഇന്ത്യയിൽ കൂടുതലും കണ്ടുവരുന്നത് നായയിൽ നിന്നുമുള്ള പേവിഷബാധയാണ്.
നായയുടെ കടിയേൽക്കുകയാണെങ്കിൽ നമുക്ക് എത്രത്തോളം അണുബാധ സാധ്യത ഉണ്ടെന്നുള്ളത് 3 ആയി തരം തിരിക്കാം.
കാറ്റഗറി 1: തൊലിപ്പുറമേ നായയുടെ ഉമിനീർ സമ്പർക്കം വരികയാണെങ്കിൽ അതിൽ അപകടസാധ്യത വളരെ കുറവാണ്.
കാറ്റഗറി 2: തൊലിപ്പുറമേ ഒരു പോറൽ ഉണ്ടാവുകയോ അല്ലെങ്കിൽ ചെറിയ മുറിവ് ഉണ്ടാവുകയോ, ഈ മുറിവിൽ നായ നക്കുകയോ, പല്ല് കൊള്ളിക്കുകയോ ചെയ്താൽ കാറ്റഗറി രണ്ടിൽ ഉൾപ്പെടുന്നു.
കാറ്റഗറി 3: ആഴത്തിലുള്ള കടിയേൽക്കുകയും രക്തം വാർന്നൊഴുകുകയും ചെയ്യുകയാണെങ്കിൽ അണുബാധ സാധ്യത വളരെ കൂടുതലാണ്. കൈയിലോ അല്ലെങ്കിൽ മുഖത്തോ ഏൽക്കുന്ന കടിയാണ് ഏറ്റവും ഗുരുതരമായിട്ടുള്ളത്. ഇത് വളരെ പെട്ടെന്നു തന്നെ മസ്തിഷ്‌കത്തിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ സങ്കീർണതകളിലേയ്ക്ക് നയിക്കുന്നു.
നായയുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ
∙ മുറിവുണ്ടായ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
∙ ബീറ്റാഡിൻ സൊല്യൂഷൻ ഉണ്ടെങ്കിൽ അത് വെള്ളം ചേർത്ത് കഴുകുന്നത് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നു.
∙ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക.
∙ രോഗനിവാരണത്തിനായി കൃത്യമായ ചികിത്സ തേടുക .
ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ്പ്
ഇപ്പോൾ നിലവിലുള്ള കുത്തിവയ്പ്പ് എടുത്തു കഴിഞ്ഞാൽ അതിന്റെ ഫലം കണ്ടുവരാൻ സമയമെടുക്കും. (സാധാരണ ഗതിയിൽ കുത്തിവയ്പ്പ് എടുത്താൽ അതിന്റെ പ്രതിരോധശേഷി ശരീരത്തിൽ കാണാൻ കുറച്ച് സമയമെടുക്കും). അതുകൊണ്ടുതന്നെ വൈറസ് ബാധ ശരീരത്തിൽ പടരാതിരിക്കാൻ (പെട്ടെന്നുള്ള ഫലപ്രാപ്തിക്കായി) ഇമ്മ്യൂണോഗ്ലോബുലിൽ എടുക്കേണ്ടതുണ്ട്. Human immunoglobulin (HRIG) ആണ് സാധാരണയായി ഉപയോഗിക്കുന്നത്.
ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള ഡോസ് ഇമ്മ്യൂണോഗ്ലോബുലിൻ ഇൻജക്‌ഷൻ ആയി നൽകുന്നു. മുറിവേറ്റ ഭാഗത്തു നിന്നും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് അണുബാധ പടരാതിരിക്കാൻ ഇതു സഹായിക്കുന്നു. 24 മണിക്കൂറിനുള്ളിൽതന്നെ ശരീരത്തിൽ Passive antibody-യുടെ അളവ് വർധിക്കുന്നു. ഇത് വൈറസ് ബാധ നാഡികളിലേക്കും മസ്തിഷ്‌കത്തിലേക്കും പടരുന്നത് തടയുന്നു.
28 ദിവസത്തിനുള്ളിൽ 5 ഡോസ് കുത്തിവയ്പ്പാണ് എടുക്കേണ്ടത് (കടിയേറ്റ ദിവസം മുതൽ കണക്കാക്കുമ്പോൾ – 0, 3, 7, 14, 28 എന്നിങ്ങനെയാണ്). ഇത് മുടക്കം കൂടാതെ നിർബന്ധമായും എടുത്തിരിക്കണം. വെറ്റിനറി പശ്ചാത്തലത്തിൽ ജോലി ചെയ്യുന്നവരും നായ പിടുത്തക്കാരും Pre Exposure Prophylaxis എടുക്കുകയും ആറുമാസത്തിൽ ഒരിക്കൽ ശരീരത്തിൽ കുത്തിവയ്പ്പിന്റെ പ്രതിരോധശേഷി എത്രത്തോളം ഉണ്ടെന്നുള്ളത് പരിശോധിക്കുകയും വേണം.