play-sharp-fill
നായ്ക്കളോളം നന്ദിയുണ്ട് ആ കുടുംബത്തിനും..! പ്രളയജലത്തിൽ നാൽപ്പത് നായ്ക്കളെ ഉപേക്ഷിച്ച് പോകാൻ മനസില്ലാതെ ആ കുടുംബം; ക്യാമ്പ് വേണ്ട ഞങ്ങൾ പെരുവെള്ളത്തിൽ കഴിഞ്ഞുകൊള്ളാം

നായ്ക്കളോളം നന്ദിയുണ്ട് ആ കുടുംബത്തിനും..! പ്രളയജലത്തിൽ നാൽപ്പത് നായ്ക്കളെ ഉപേക്ഷിച്ച് പോകാൻ മനസില്ലാതെ ആ കുടുംബം; ക്യാമ്പ് വേണ്ട ഞങ്ങൾ പെരുവെള്ളത്തിൽ കഴിഞ്ഞുകൊള്ളാം

സ്വന്തം ലേഖകൻ
കൊച്ചി: നാടിനെ വിഴുങ്ങിയ കൊടും പ്രളയത്തിൽ ആ നാൽപ്പത് മിണ്ടാപ്രാണികളെ തെരുവിൽ ഉപേക്ഷിക്കാൻ ആ കുടുംബത്തിന് മനസുണ്ടായിരുന്നില്ല. ആ നാൽപ്പതുപേരെയുമായി ദുരിതാശ്വാസ ക്യാമ്പിലേയ്ക്കു പോകുക പ്രായോഗികവുമായിരുന്നില്ല. ഒടുവിൽ അവർ തങ്ങളുടെ വീട്ടിൽ തന്നെ, ആ നായ്ക്കുട്ടികൾക്കൊപ്പം കഴിയാൻ തീരുമാനിക്കുകയായിരുന്നു.
തൃശൂർ തളിക്കുളം സ്വദേശികളായ സിന്റോയും സുനിതയുമാണ് തങ്ങളുടെ പ്രാണനായ നാൽപ്പത് നായ്ക്കളെ ഉപേക്ഷിക്കാതെ, അവർക്കൊപ്പം പെരുവെള്ളപ്പെയ്ത്തിൽ തന്നെ കഴിഞ്ഞു കൂടിയത്. പ്രദേശത്ത് വെള്ളം കയറിയതോടെ അയൽക്കാർ എല്ലാം വീട് ഉപേക്ഷിച്ച് ക്യാമ്പിലേയ്ക്ക് കുടിയേറി. എന്നാൽ,  നായ്ക്കളുടെ ഭ്ക്ഷണവും പരിപാലനവും അടക്കമുള്ള കാര്യങ്ങൾ ഉള്ളതിനാൽ ഇവർ വീട്ടിൽ തന്നെ തുടരുകയാണ്.
ആളുകൾ ഉപേക്ഷിച്ചതും പരിക്കേറ്റതുമായ നായ്ക്കളെ ദീർഘകാലമായി സുനിത സംരക്ഷിച്ച് വരികയാണ്. സുഖമില്ലാത്ത നായ്ക്കളുള്ളതിനാൽ തങ്ങൾ ക്യാമ്പിലേക്ക് പോയാൽ അവർക്ക് ആര് ഭക്ഷണം നൽകുമെന്നതാണ് സുനിതയുടെ ദുഃഖം. ക്യാമ്പിലേക്ക് പോയാൽ തങ്ങൾക്ക് ഭക്ഷണം കിട്ടും എന്നാൽ നായ്ക്കൾക്ക് ആര് ഭക്ഷണം നൽകുമെന്നും സുനിത ചോദിക്കുന്നു. വേറൊരു നിവൃത്തിയുമില്ലാത്തതിനാലാണ് ഇവർ ക്യാമ്പിൽ പോകാതെ അരയ്‌ക്കൊപ്പം വെള്ളത്തിൽ തന്നെ കഴിഞ്ഞു കൂടാൻ തീരുമാനിച്ചത്.