കാൻസർ ബാധിച്ച തെരുവുനായക്ക് രക്ഷകരായി വിദേശ യുവതികൾ: ചികിത്സയ്ക്കും ഭക്ഷണത്തിനും ആവശ്യമായ പണം നൽകിയ ശേഷം വിദേശികൾ വിമാനം കയറി; സംഭവം ചങ്ങനാശേരി വെറ്റിനറി ആശുപത്രിയിൽ

കാൻസർ ബാധിച്ച തെരുവുനായക്ക് രക്ഷകരായി വിദേശ യുവതികൾ: ചികിത്സയ്ക്കും ഭക്ഷണത്തിനും ആവശ്യമായ പണം നൽകിയ ശേഷം വിദേശികൾ വിമാനം കയറി; സംഭവം ചങ്ങനാശേരി വെറ്റിനറി ആശുപത്രിയിൽ

സ്വന്തം ലേഖകൻ

ചങ്ങനാശേരി: കാൻസർ ബാധിച്ച് ട്യൂമർ പുറത്തേയ്ക്ക് തള്ളി നിന്ന് അതിദാരുണാവസ്ഥയിൽ കഴിഞ്ഞ തെരുവുനായക്ക് ആശ്വാസമായി വിദേശവനിതകൾ. ട്യൂമർ പുറത്തേയ്ക്ക് തള്ളിവന്നതിനെ തുടർന്ന് രോഗബാധിതനായി തെരുവിൽ അലഞ്ഞ നായക്കാണ് വിദേശവനിതകളായ ഓൾഗയും ഫാത്തിമയും സഹായവുമായി എത്തിയത്. ലോല എന്ന് പേരിട്ട നായ്ക്കുട്ടിയെ ചങ്ങനാശേരി മൃഗാശുപത്രിയിൽ എത്തിച്ച് കീമോതെറാപ്പി ആരംഭിച്ച ശേഷമാണ് ഇരുവരും നാട്ടിലേയ്ക്ക് മടങ്ങിയത്.

കാൻസർ ബാധിച്ച ലോല

മടങ്ങും മുൻപ് നായ്ക്കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട തുകയും, ആവശ്യമായ ഭക്ഷണവും ചങ്ങനാശേരിയിലെ വെറ്റിനറി സർജൻ ഡോ.പി.ബിജുവിനെ ഏൽപ്പിച്ച ശേഷമാണ് ഇവർ നാട്ടിലേയ്ക്ക് മടങ്ങിയത്.
പള്ളം ആത്രേയ റിസോർട്ടിൽ ചികിത്സയ്ക്കായി എത്തിയതാണ് മെക്‌സിക്കോ സ്വദേശിയായ ഫാത്തിമയും, സ്‌പെയിൻ സ്വദേശിയായ ഓൾഗയും. ചികിത്സയ്ക്കിടയിലുള്ള ഇടവേളയിൽ നാട് കാണാൻ ഇറങ്ങിയവരുടെ കണ്ണിൽ ലോല പെടുകയായിരുന്നു. ട്യൂമർ പുറത്തേയ്ക്ക് തള്ളി അവശയായ ലോല, അതീവ ദാരുണമായ കാഴ്ചയായിരുന്നു. ഇതേ തുടർന്നാണ് ഇരുവരും സഹായിയായ അനീഷിനെ കണ്ടെത്തുകയും, തുടർന്ന് ഇവിടെ നിന്ന് ചങ്ങനാശേരി മൃഗാശുപത്രിയിൽ എത്തിയതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് ആറിനാണ് രോഗബാധിതനായ നായയെ ചങ്ങനാശേരി മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചത്. നായയെ പരിശോധിച്ച വെറ്റിനറി സർജൻ ഡോ.പി.ബിജു കീമോത്തെറാപ്പി ആരംഭിക്കുകയായിരുന്നു. സഹായത്തിനായി മനുവും ജയകുമാറും ചങ്ങനാശേരി മൃഗാശുപത്രിയിൽ എത്തിച്ചേർന്നിരുന്നു.
ഇതിനിടെ ഓൾഗയുടെയും, ഫാത്തിമയുടെയും വിസാകാലാവധി അവസാനിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഇരുവരും കണ്ണീരോടെ ലോലയെ കെട്ടിപ്പിടിച്ച് കരഞ്ഞ ശേഷം നാട്ടിേേലയ്ക്ക് മടങ്ങുകയായിരുന്നു. മടങ്ങും മുൻപ് ലോലയ്ക്ക് ചികിത്സയ്ക്ക് വേണ്ടതെല്ലാം ഒരുക്കി നൽകിയ ശേഷമാണ് ഇരുവരും മടങ്ങിയത്. ലോലയുടെ ചികിത്സയ്ക്ക് പണവും, ഭക്ഷണവും ഇവർ നൽകിയിരുന്നു. വിദേശത്തേയ്ക്ക് മടങ്ങിയിട്ടും, ഓരോ മണിക്കൂറിലും ഇവർ ഡോക്ടർ ബിജുവിനെ വിളിച്ച് ലോലയുടെ സുഖവിവരം അന്വേഷിക്കുന്നുമുണ്ട്. ലോല പൂർണ ആരോഗ്യവതിയായി ജീവിതത്തിലേയ്ക്ക് തിരികെ വരുന്നത് വരെ തങ്ങൾ ഫോണിലൂടെ ലോലയെ പിൻതുടരുമെന്നാണ് ഇരുവരും ഡോക്ടർ ബിജുവിനു നൽകിയ ഉറപ്പ്. ഫ്രണ്ട്‌സ് ഓഫ് ആനിമൽസ് എന്ന മൃഗസ്‌നേഹികളുടെ സംഘടനയുടെ പ്രവർത്തകൻ കൂടിയായ ഡോക്ടർ ബിജുവും ലോലയുടെ ആരോഗ്യം ഇരുവർക്കും ഉറപ്പ് നൽകിയിട്ടുണ്ട്.