കോഴിക്കോട്: പ്രതിരോധ വാക്സിൻ എടുത്തിട്ടും പേ വിഷ ബാധയേറ്റ അഞ്ചു വയസുകാരി മരിച്ച സംഭവത്തിൽ സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നും ചികിത്സ പിഴവിലല്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പാള്‍ കെജി സജിത്ത് കുമാര്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചിത്സയിലായിരുന്ന മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസാണ് മരിച്ചത്. മുഖത്തും തലയിലുമേറ്റ മുറിവുകാരണം തലച്ചോറിലേക്ക് നേരിട്ട് വൈറസ് എത്തി. ഇതാണ് മരണ കാരണം. തലച്ചോറിലെ വൈറസ്ബാധയെ തുടര്‍ന്നാണ് പ്രതിരോധ വാക്സിൻ ഫലിക്കാതെ വന്നത്.
കടിയേറ്റശേഷം കുട്ടിയ്ക്ക് വീട്ടിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയിരുന്നില്ലെന്നും മുഖത്തും തലയിലുമടക്കം ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി മുറിവുകളുണ്ടായിരുന്നുവെന്നും മെഡിക്കൽ കോളേജ് അധികൃതര്‍ പറഞ്ഞു. തലയിൽ മാത്രം നാലു മുറിവുകളാണ് ഉണഅടായിരുന്നത്. ഇതിന് പുറമെ മുഖത്തും കാലിനും മുറിവേറ്റിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
ഇന്നലെ രാത്രി രണ്ട് മണിക്കാണ് സിയ മരിച്ചത്. പേ വിഷ ബാധ സ്ഥിരീകരിച്ച് കഴിഞ്ഞ ആറു ദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നതിനിടെയാണ് മരണം. കഴിഞ്ഞ മാസം 29 നാണ് സിയയ്ക്ക് നായയുടെ കടിയേൽക്കുന്നത്. പെരുന്നാൾ ദിവസം വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോകുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കേളേജിലും എത്തിച്ചു. പ്രതിരോധ വാക്സിൻ നൽകി. മുറിവ് ഉണങ്ങി കുട്ടി വീണ്ടും സജീവമായി തുടങ്ങുന്നതിനിടെയാണ് പനി ബാധിക്കുന്നത്. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. സിയയുടെ മുഖത്തും തലയിലും കൈകാലുകളിലുമായി 20 ഇടങ്ങളിൽ മുറിവേറ്റിരുന്നു.
തലക്കേറ്റ കടിയിലൂടെ വൈറസ് വേഗത്തിൽ തലച്ചോറിലെത്തിയതാണ് മരണ കാരണം. സിയയെ രക്ഷിക്കാൻ ശ്രമിച്ച യുവാവിന് ഉൾപ്പടെ മറ്റു ഏഴു പേർക്കും അന്ന് നായയുടെ കടിയേറ്റിരുന്നു. പ്രതിരോധ വാക്സിനെടുത്ത ഇവർക്കാർക്കും നിലവിൽ പ്രശ്നങ്ങൾ ഇല്ല. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും വേണമെങ്കിൽ രക്ത പരിശോധന നടത്താവുന്നതാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
തെരുവുനായുടെ കടിയേറ്റാൽ ഉടൻ ചികിത്സ ചെയ്യേണ്ടതെന്ത്?
തെരുവ് നായ കടിച്ചാൽ ഉടൻ സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുക എന്നതാണ് പ്രധാനപെട്ട കാര്യം. പലപ്പോഴും ഈ പ്രാഥമിക ചികിത്സ നൽകാൻ വൈകുന്നതാണ് വിഷബാധ ഏൽക്കുന്നതിനും ജീവൻ നഷ്ടമാകുന്നതിനും കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. തലക്കേറ്റ മുറിവ് വഴി വൈറസ് ഉടനെ തലച്ചോറിൽ എത്തിയതാണ് പ്രതിരോധ വാക്സിൻ എടുത്തിട്ടും മലപ്പുറം സ്വദേശിയായ അഞ്ചു വയസുകാരിക്ക് പേ വിഷ ബാധ ഏൽക്കാനും മരണപ്പെടാനും ഇടവരുത്തിയത്.