കരളുറപ്പ് കൈവിടാതെ… വേദനാജനകമാണ് കാഴ്ചകൾ, ഒരു ദിവസം ചെയ്യുന്നത് 25,35 പോസ്റ്റുമോർട്ടങ്ങൾ, കൂടുതൽ മൃതദേഹങ്ങളും എത്തുന്നത് തലയും മറ്റു ശരീരഭാഗങ്ങളും വേർപ്പെട്ട നിലയിൽ, വിശ്രമത്തെക്കുറിച്ച് ചിന്തയില്ലാതെ മൃതശരീരങ്ങളെ പോസ്റ്റുമോർട്ടം ചെയ്യുന്നത് വിവിധ ജില്ലകളിൽ നിന്നെത്തിയ ഡോക്ടർമാർ
മേപ്പാടി: മുണ്ടക്കൈ ദുരന്തത്തിൽ മരണസംഖ്യ ഉയരുമ്പോൾ കരളുറപ്പ് കൈവിടാതെ ഡോക്ടർമാർ. രാവും പകലും പോസ്റ്റ്മോർട്ടം ടേബിളിൽ അവർ തങ്ങളെ തേടിയെത്തുന്ന മൃതദേഹങ്ങളെ കാത്തിരിപ്പാണ്.
ദുരന്തത്തിൽ മരണം 320 കടക്കുമ്പോൾ വിശ്രമത്തെക്കുറിച്ച് ചിന്തയില്ലാതെ മൃതശരീരങ്ങളെ അവർ കീറിമുറിക്കുകയാണ്. മേപ്പാടി ആശുപത്രി വളപ്പിലെ ഐസൊലേഷൻ വാർഡ് കെട്ടിടമാണ് പോസ്റ്റ്മോർട്ടം ഹാളായി മാറിയത്. ഇവിടെ രണ്ട് ഷിഫ്റ്റുകളിലായി വിവിധ ജില്ലകളിൽനിന്നെത്തിയ നിരവധി ഡോക്ടർമാരാണുള്ളത്.
ഡോ. ദാഹിർ മുഹമ്മദാണ് നോഡൽ ഓഫിസർ. ജില്ല പോലീസ് സർജൻ ഡോ. ബിപിൻ, കണ്ണൂർ ജില്ല പോലീസ് സർജൻ ഡോ. അഗസ്റ്റസ്, ഫോറൻസിക് സർജൻമാരായ തലശ്ശേരിയിലെ ഡോ. ജിതിൻ, മാനന്തവാടിയിലെ ഡോ. രോഹിത്, സുൽത്താൻ ബത്തേരിയിലെ ഡോ. അജിത്ത്, ഡോ. മൃദുലാൽ തുടങ്ങിയവരാണ് പോസ്റ്റ്മോർട്ടം സംഘത്തിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൂരൽമലയിൽനിന്നും മുണ്ടക്കൈയിൽനിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങൾ ആദ്യം മേപ്പാടി സർക്കാർ ആശുപത്രിയിലാണ് എത്തിക്കുന്നത്. തുടർന്ന് ബന്ധുക്കൾ തിരിച്ചറിയുന്നതടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് പോസ്റ്റ്മോർട്ടത്തിന് എത്തുന്നത്.
ആദ്യദിവസം 90ഉം രണ്ടാം ദിവസം 35ഉം മൂന്നാംദിവസം 25ഉം പോസ്റ്റ്മോർട്ടമാണ് ഇവിടെ നടന്നത്. വെള്ളിയാഴ്ച രാവിലെ 11ഓടെ നാല് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. ശരീരഭാഗങ്ങൾ വേർപെട്ട നിലയിലുള്ള നിരവധി മൃതദേഹങ്ങളാണ് എത്തുന്നത്. പല കാഴ്ചകളും വേദനാജനകമാണെന്ന് ഡോക്ടർമാർ പറയുന്നു.