
ഡോ.ആർ.വി.അജിത്തിന് ഡോ.ഹരി സ്മാരക പുരസ്കാരം :15,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ് :മാർച്ച് 16ന് പാമ്പാടി റെഡ്ക്രോസ് സൊസൈറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് ദാനം.
കോട്ടയം: പ്രശസ്ത ആയുർവേദ ചികിത്സകനായ ഡോ.സി.കെ.ഹരീന്ദ്രൻനായരുടെ സ്മരണാർഥമുള്ള ‘ഡോ.ഹരി ആയുർരത്ന’ പുരസ്കാരത്തിന് ഡോ.ആർ.വി.അജിത് അർഹനായി.15,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ആതുരസേവന രംഗത്ത് കോട്ടയം ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആയുർവേദ ഡോക്ടർക്കുള്ളതാണ് പുരസ്കാരം.
ഡോ.ഹരീന്ദ്രൻനായരുടെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് മാർച്ച് 16ന് പാമ്പാടി റെഡ്ക്രോസ് സൊസൈറ്റി ഹാളിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ മുൻലോക്സഭാംഗം കെ.സുരേഷ് കുറുപ്പ് അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ സി.എച്ച്.അജിത്കുമാർ അറിയിച്ചു. റെഡ്ക്രോസ് കോട്ടയം താലൂക്ക് ബ്രാഞ്ച് പാമ്പാടി ചെയർമാൻ ഒ.സി.ചാക്കോ അധ്യക്ഷത വഹിക്കും.ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും.
സാഹിത്യകാരനായ കിളിരൂർ രാധാകൃഷ്ണൻ ചെയർമാനും ഡോ.രതി ബി.ഉണ്ണിത്താൻ,ഡോ.ആശ ശ്രീധർ എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.കോട്ടയം ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസറായി സർവീസിൽ നിന്നു വിരമിച്ച ഡോ.ആർ.വി.അജിത് 30 വർഷമായി ആയുർവേദ ചികിത്സാരംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ്. കോവിഡ്, ഡെങ്ക്പനി,
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിക്കൻഗുനിയ എന്നിവയുടെ വ്യാപനം ഉണ്ടായപ്പോൾ ആധുനിക വീക്ഷണത്തോടെ ആയുർവേദ ചികിത്സ പ്രൊട്ടക്കോൾ രൂപീകരിക്കാൻ നേതൃത്വം കൊടുത്തു. പക്ഷാഘാത രോഗികൾക്കായുള്ള ചികിത്സയും പുനരധിവാസവും സംബന്ധിച്ച പ്രോജക്ട് സംസ്ഥാനതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റി.
കോവിഡ് വാറിയർ അവാർഡ്, ഹരിത കേരള മിഷൻ അവാർഡ്,കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ജില്ലാ ആയുർവേദ ആശുപത്രിയുടെ സമഗ്രവികസനത്തിന് നേതൃത്വം നൽകി. ഇപ്പോൾ കോട്ടയം കാരിത്താസ് ആയുർവേദ ആശുപത്രിയിൽ ചീഫ് മെഡിക്കൽ ഓഫിസറായി പ്രവർത്തിക്കുന്നു.
ആറു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനങ്ങളിലൂടെ ആതുരസേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച കോട്ടയം പാമ്പാടി മഠത്തിൽ ഡോ:സി.കെ.ഹരീന്ദ്രൻനായർ 2020 മാർച്ച് ഒന്നിനാണ് വിടവാങ്ങിയത്. പാമ്പാടിയുടെ സാമൂഹിക ജീവിതത്തിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു.മഹർഷി മഹേഷ് യോഗി ഫൗണ്ടേഷന്റെ രാജ്യാന്തര ആയുർവേദ കൺസൾട്ടന്റായി എട്ടുവർഷത്തോളം പ്രവർത്തിച്ചു. ‘നന്ദി, പ്രിയ ന്യൂസിലൻഡ്’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ രചയിതാവാണ്.