കോട്ടയം: വീട്ടിനുളളില്‍ തെന്നിവീണ് തലയ്ക്ക് പരിക്കേറ്റ പതിനൊന്നുകാരന്റെ മുറിവ് മൊബൈല്‍ വെളിച്ചത്തില്‍ തുന്നിക്കെട്ടിയെന്ന് പരാതി. വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്ബേല്‍ കെ പി സുജിത്ത്, സുരഭി ദമ്പതികളുടെ മകൻ ദേവതീർത്ഥിന്റെ തലയാണ് ഡോക്ടർ മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ടത്.
കുട്ടി വീടിനുളളില്‍ തെന്നിവീണ് തലയുടെ വലത് വശത്ത് പരിക്കേല്‍ക്കുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് മാതാപിതാക്കള്‍ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അത്യഹിത വിഭാഗത്തില്‍ നിന്ന് കുട്ടിയെ മുറിവ് ഡ്രസ് ചെയ്യാനാണ് ഡ്രസിങ് റൂമിലേക്ക് മാറ്റിയത്. എന്നാല്‍ അവിടെ ഇരുട്ടായതിനാല്‍ കുട്ടിയും മാതാപിതാക്കളും അങ്ങോട്ട് കയറിയില്ല. പിന്നീട് അറ്റൻഡർ എത്തി വൈദ്യുതി ഇല്ലെന്ന് പറയുകയായിരുന്നു. അറ്റൻഡർ തന്നെ കുട്ടിയെ ഒ പി കൗണ്ടറിന് മുമ്ബിലിരുത്തി.
രക്തം നിലയ്ക്കാതെ വന്നപ്പോള്‍ കുട്ടിയെ വീണ്ടും ഡ്രസിങ് റൂമിലേക്ക് മാറ്റി. എന്നാല്‍ റൂമില്‍ മൊത്തം ഇരുട്ടാണല്ലൊ എന്ന് മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്നായിരുന്നു അറ്റൻഡറുടെ മറുപടി. ഡീസല്‍ ഇല്ലെന്നും ചെലവ് കൂടുതലായതിനാല്‍ വൈദ്യുതി ഇല്ലാതാകുന്ന സമയത്ത് ജനറേറ്റർ കൂടുതല്‍ സമയം പ്രവർത്തിപ്പിക്കാറില്ലെന്നും ജീവനക്കാരൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാൻ അത്യഹിത വിഭാഗത്തിലേക്ക് മാറ്റി. എന്നാല്‍ അവിടേയും വെളിച്ചമില്ലായിരുന്നു. തുടർന്ന് ദേവതീർത്ഥിനെ ജനലിന്റെ അരികിലിരുത്തി മൊബൈല്‍ വെളിച്ചത്തില്‍ ഡോക്ടർ തുന്നലിടുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.