
കോട്ടയം: ഡോക്ടര്‍ നിര്‍ദേശിച്ച സ്വകാര്യ സ്ഥാപനത്തില്‍ സ്കാനിംഗ് പരിശോധനയ്ക്കു പോകാത്തതിനാൽ വയോധികന് ചികിത്സ നിഷേധിച്ചു. ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടറാണ് വയോധികന് ചികിത്സ നിഷേധിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതായും പരാതിക്കാരൻ പറയുന്നു.
മോര്‍ക്കുളങ്ങര സ്വദേശിയായ വയോധികനാണ് ജനറല്‍ ആശുപത്രിയില്‍ ബുദ്ധിമുട്ട് നേരിട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. വയറു സംബന്ധമായ അസുഖത്തിനുള്ള ചികിത്സയ്ക്കാണ് വയോധികൻ ഭാര്യക്കൊപ്പം ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഇവര്‍ കണ്‍സള്‍ട്ട് ചെയ്ത ഡോക്ടര്‍ ആശുപത്രിക്കു പുറത്തുള്ള സ്വകാര്യ ലാബിന്റെ പേരുള്ള ചീട്ടില്‍ സ്കാനിംഗ് നടത്താന്‍ എഴുതിക്കൊടുത്തു. കുറിപ്പടിയില്‍ത്തന്നെ ഡോക്ടറുടെ പേരും എഴുതിയിരുന്നു.
എന്നാല്‍ ദമ്പതികള്‍ ആദ്യം കണ്ട ലാബിലെത്തി സ്കാനിംഗ് നടത്തി. 950 രൂപ ബില്‍ത്തുകയും നല്കി. സ്കാനിംഗ് റിപ്പോര്‍ട്ടുമായി തിരികെ ഡോക്ടറുടെയടുത്ത് എത്തിയപ്പോള്‍ താന്‍ നിര്‍ദേശിച്ച ലാബില്‍ പോകാത്തതിന് ഡോക്ടര്‍ ദേഷ്യപ്പെട്ടതായി ദമ്പതികള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കാനിംഗ് റിപ്പോര്‍ട്ട് തെളിഞ്ഞിട്ടില്ലെന്നും ഇനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി ചികിത്സ തേടിയാല്‍ മതിയെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്നും ഇവര്‍ പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ 24 മണിക്കൂറും ലാബ് ഉണ്ടെങ്കിലും സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. ചികിത്സ തേടിയെത്തുന്നവരെ ഡോക്ടര്‍മാര്‍ സ്വകാര്യ ലാബിലേക്ക് കുറിപ്പു നല്കി അയയ്ക്കുന്നതായാണ് പരാതി ഉയരുന്നത്.
ആശുപത്രി വികസന സമിതി യോഗത്തില്‍ ഈ വിഷയം അംഗങ്ങള്‍ പലതവണ ഉയര്‍ത്തിയിരുന്നു. സ്വകാര്യ ലാബുകളുടെ കുറിപ്പടി ഡോക്ടര്‍മാര്‍ ഉപയോഗിക്കരുതെന്ന് വികസനസമിതി പലതവണ നിര്‍ദേശിച്ചിരുന്നു. ഇതൊന്നും ആരും കേള്‍ക്കുന്നില്ലെന്നാണ് വിമര്‍ശനം.