
കോഴിക്കോട് : നാലു വയസുകാരിയ്ക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. ശസത്രക്രിയ നടത്തിയ ഡോക്ടർ ബിജോൻൺ ജോൺസനെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ള വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കൈയിൽ ആറാം വിരൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശസ്ത്രക്രിയ പിഴവ് സംഭവിച്ചതിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കുട്ടിയുടെ കുടുംബം. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകരുതെന്ന് കുടുംബം പറയുന്നു. കുട്ടിയുടെ നാവിന് കുഴപ്പമുണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. കുട്ടി മാറിപോയെന്നാണ് അധികൃതർ പറഞ്ഞതെന്ന് കുടുംബം പറഞ്ഞു. ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് സംഭവത്തിനിടയാക്കിയതെന്ന് കുടുംബം വിമർശിച്ചു.