video
play-sharp-fill
ഡിഎം വിംസ് മെഡിക്കല്‍ കോളേജിനും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ചെലവഴിച്ച തുകയില്‍ 250 കോടി രൂപ കേരള സര്‍ക്കാരിന് സംഭാവന ചെയ്യുമെന്ന് ഡോ. ആസാദ് മൂപ്പന്റെ കുടുംബം

ഡിഎം വിംസ് മെഡിക്കല്‍ കോളേജിനും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ചെലവഴിച്ച തുകയില്‍ 250 കോടി രൂപ കേരള സര്‍ക്കാരിന് സംഭാവന ചെയ്യുമെന്ന് ഡോ. ആസാദ് മൂപ്പന്റെ കുടുംബം

സ്വന്തം ലേഖകൻ

@മെഡിക്കല്‍, നഴ്‌സിംഗ്, ഫാര്‍മസി കോളേജുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഏറ്റെടുക്കുന്നതിലൂടെ പിന്നോക്ക ജില്ലയായ വയനാടിന്റെ ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ വിദ്യാഭ്യാസവും മെച്ചപ്പെടുത്താന്‍ പ്രാദേശിക സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്നതാണ് ഈ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യം.

@10 ലക്ഷത്തോളം ജനസംഖ്യയുളള ജില്ലയില്‍, പ്രധാനമായും ആദിവാസി ഗോത്രവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും, താഴ്ന്ന വരുമാനക്കാര്‍ക്കും, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനുളള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഡിഎം വിംസ് ഡോക്ടര്‍ മൂപ്പന്‍ സ്ഥാപിച്ചിട്ടുളളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

@സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി 3 ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം, ഇതു സംബന്ധിച്ച അന്തിമ നിബന്ധനകളും വ്യവസ്ഥകളും രൂപപ്പെടുത്തും.

തിരുവനന്തപുരം:ഡിഎം വിംസ് മെഡിക്കല്‍ കോളേജും, നഴ്‌സിങ്ങ്, ഫാര്‍മസി കോളേജുകളും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരള സര്‍ക്കാറിന് കൈമാറുന്ന കാര്യം പരിഗണിക്കുന്ന ഡിഎം എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഡിഎംഇആര്‍എഫ്), കൈമാറ്റം ചെയ്യുന്നതിനുളള നിബന്ധനകളും, വ്യവസ്ഥകളും അംഗീകരിക്കുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. സര്‍ക്കാര്‍ മേഖലക്ക് കീഴില്‍ നൂതന ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ പ്രാദേശിക ലഭ്യതക്കുറവ് മൂലം അവിടുത്തെ ജനത നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഈ കാലഘട്ടത്തിന്റെ ആവശ്യകതയായി ഒരു പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള കഴിഞ്ഞ 7-8 വര്‍ഷമായുളള സര്‍ക്കാര്‍ ആലോചനയ്ക്കുള്ള പ്രതികരണമായാണ് ഈ തീരുമാനം. ഇതിനോടകം തന്നെ എംബിബിസ് ബിരുദധാരികളുടെ രണ്ട് ബാച്ചുകള്‍ വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഈ സ്ഥാപനം ഡിഎംഇആര്‍എഫ് കൈമാറുമ്പോള്‍ അത് സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതുമാവും. രാജ്യത്തെ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷനുളള ചുരുക്കം മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണ് ഡിഎം വിംസ്.

ജില്ലയിലെ പിന്നോക്ക സമൂഹത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 10 വര്‍ഷം മുന്‍പാണ് ഡിഎംഇആര്‍എഫ് ട്രസ്റ്റ,് ഡിഎം വിംസ് മെഡിക്കല്‍ കോളജും വയനാട്ടിലെ അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിച്ചത്. ചാരിറ്റബിള്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജില്‍ 150 സീറ്റുകളാണുളളത്. കുഹാസ് പരീക്ഷകളില്‍ മികച്ച ഫലങ്ങള്‍ നേടി, ഇതിനോടകം തന്നെ രണ്ട് ബാച്ച് ഡോക്ടര്‍മാര്‍ സ്ഥാപനത്തില്‍ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. മൊത്തം 14 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സ്ഥാപനങ്ങളില്‍, പ്രാദേശിക സമൂഹത്തെ പരിപാലിക്കുന്നതും, ആരോഗ്യപരിപാലന വിദഗ്ധരെ പരിശീലിപ്പിക്കാന്‍ സഹായിക്കുന്നതിനുമായി 700 ബെഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും, 100 കിടക്കകളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും, ഒരു ഫാര്‍മസി കോളേജ്്, ഒരു നഴ്‌സിംഗ് കോളേജ് എന്നിവയും ഉള്‍പ്പെടുന്നു.

സാമൂഹികമായ അടിസ്ഥാന സൗകര്യ വികസനത്തിന് പരിമിതികളുളള, 10 ലക്ഷം ജനസംഖ്യയുളള മലയോര ഭൂപ്രദേശമെന്ന നിലയില്‍, ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡിഎം വിംസ് മെഡിക്കല്‍ കോളേജ് കാലങ്ങളായി അതുല്ല്യമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുളളതെന്ന് ഡിഎംഇആര്‍എഫ് മാനേജിങ്ങ് ട്രസ്റ്റിയായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. സര്‍ക്കാറിന് കീഴിലുളള ഒരു പുതിയ മെഡിക്കല്‍ കോളേജ് കൊണ്ടുവരികയാണെങ്കില്‍ അതിന് ഈ പ്രദേശത്ത് ഗണ്യമായ നിക്ഷേപം ആവശ്യമാണ്, ഒപ്പം അത് പ്രവര്‍ത്തനക്ഷമമാവാന്‍ കുറഞ്ഞത് 5 വര്‍ഷം സമയമെടുക്കുകയും ചെയ്യും. ഗവണ്‍മെന്റിന്റെ ആവശ്യകത നിറവേറ്റാന്‍ ഡിഎം വിംസിന് കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, പ്രദേശത്തെ നിലവിലുളള ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മറ്റൊരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത് ആവശ്യമായി വരില്ലെന്നും ഞങ്ങള്‍ കരുതുന്നു. അര്‍ഹരായ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ സര്‍ക്കാരുമായി കൈകോര്‍ക്കേണ്ടത് പ്രധാനമാണെന്നും ഞങ്ങള്‍ കരുതുന്നു. പിന്നോക്കം നില്‍ക്കുന്ന മലയോര ഭൂപ്രദേശമായ ജില്ലയിലെ നിര്‍ദ്ധനരായ ജനങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിനും സംസ്ഥാനത്ത് നിന്ന് നല്ല നിലവാരമുള്ള ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിനുമായി ഈ സ്ഥാപനങ്ങളിലെ മൊത്തം നിക്ഷേപത്തില്‍ നിന്ന് 250 കോടി രൂപ സര്‍ക്കാരിന് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ അറിയിച്ചു. ഈ നിര്‍ദ്ദേശത്തോട് ഉടനടി പ്രതികരിച്ചതിനും, വിശദാംശങ്ങള്‍ അവലോകനം ചെയ്യാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചതിനും, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ എന്നിവരോട് നന്ദി പ്രകടിപ്പിക്കുന്നതായും ഡോക്ടര്‍ ആസാദ് മൂപ്പന്‍ വ്യക്തമാക്കി. കൂടാതെ വര്‍ഷങ്ങളായി ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരികയും, ഇതിന്റെ വളര്‍ച്ചയില്‍ പങ്ക് വഹിക്കുകയും ചെയ്യുന്ന നിലവിലെ ജീവനക്കാരെ ഈ സ്ഥാപനങ്ങളില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍ ആസാദ് മൂപ്പന്‍ തന്റെ വ്യക്തിഗത സ്വത്തിന്റെ 20% ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ, പ്രാവീണ്യമുളള മികച്ച മെഡിക്കല്‍ പ്രൊഫഷണലുകളുടെ അഭാവം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡിഎംഇആര്‍എഫ് സ്ഥാപിക്കപ്പെട്ടത്.
ലാഭം ലക്ഷ്യമിടാതെ, വയനാട്ടിലെ നിര്‍ദ്ധനരായ ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള പരിചരണം ലഭ്യമാക്കാനും, ഒപ്പം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയുമാണ്് ഡിഎംഇആര്‍എഫ് സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുളളത്. നിരവധി ആരോഗ്യ സംരക്ഷണ ദൗത്യങ്ങളിലൂടെയും, മാനുഷിക ഇടപെടലുകളിലൂടെയും മലയോര പ്രദേശത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് പോലും ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആസ്റ്റര്‍ വൊളണ്ടിയേര്‍സ് പ്രോഗ്രാം അടുത്തിടെ പ്രളയത്തെത്തുടര്‍ന്നുളള ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് 100 ആസ്റ്റര്‍ ഹോമുകള്‍ കൈമാറിയിരുന്നു, ഇപ്പോള്‍ 150 ആസ്റ്റര്‍ ഹോമുകളുടെ കൂടി നിര്‍മ്മാണം പുരോഗമിക്കുകയാണ്. ആരോഗ്യസംരക്ഷണത്തിലൂടെയും, മാനുഷികമായ ഇടപെടലുകളിലൂടെയും 7 രാജ്യങ്ങളിലായി ആസ്റ്റര്‍ വോളണ്ടിയേര്‍സും ഫാമിലി ട്രസ്റ്റും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നിലവില്‍ കോവിഡ് 19 പകര്‍ച്ചവ്യാധിയെ നേരിടാന്‍ പ്രാദേശിക ജന സമൂഹത്തെ സഹായിച്ചുകൊണ്ട് ഈ സ്ഥാപനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്