ജീവനക്കാരുടെയും ഡോക്ടർമാരുടെയും പിടിവാശി മൂലം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റാൻ വൈകിയ കൊവിഡ് രോഗി മരിച്ചു; പരാതിയുമായി ബന്ധുക്കൾ; മരിച്ചത് കാഞ്ഞിരപ്പള്ളി സ്വദേശിയായ വയോധിക
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജീവനക്കാരുടെയും ഡോക്ടർമാരുടെയും പിടിവാശി മൂലം കാഞ്ഞിരപ്പള്ളി കപ്പാട് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റാൻ വൈകിയ വയോധിക മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ചന്ദ്രികയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ നവംബർ 29 നായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ ചന്ദ്രികയെ കാപ്പാട്ടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാൻസർ രോഗി കൂടിയായ ചന്ദ്രികയ്ക്ക് ഇവിടെ പ്രവേശിപ്പിച്ച ശേഷം അസ്വസ്ഥതകൾ അനുഭവപ്പെട്ടു. തുടർന്നു, ചന്ദ്രികയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനു അധികൃതർ തയ്യാറായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കോളേജിൽ ബെഡ് ഒഴിവില്ലെന്നും വേണമെങ്കിൽ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റാനുള്ള ക്രമീകരണം ഒരുക്കാമെന്നും സി.എഫ്.എൽ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ രോഗിയുടെ ബന്ധുക്കളോട് പറഞ്ഞതായും ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നു, രണ്ടു ദിവസം വൈകിയാണ് ഇവരെ കാഞ്ഞിരപ്പള്ളിയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
ആദ്യഘട്ടത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു ഈ രോഗിയെ മാറ്റാൻ അധികൃതർ തയ്യാറായില്ല. വിവിധ മേഖലകളിൽ നിന്നും സമ്മർദമുണ്ടായെങ്കിലും, കോവിഡ് സെൻ്ററിൻ്റെ ചുമതലയുണ്ടായിരുന്ന ഡോക്ടർ രാജേശ്വർ രോഗിയെ വിട്ടയക്കില്ലെന്നു നിലപാട് സ്വീകരിച്ചു. ഇതിനിടെ ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാർ രോഗിയുടെ ബന്ധുക്കളെ സമീപിച്ചു രോഗിയെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റാൻ ക്രമീകരണം ചെയ്യാമെന്നറിയിച്ചു.
ദിവസം മൂവായിരം രൂപ മുതലാണ് കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ഇതോടെ കുടുംബം ഇതിൽ നിന്നും പിൻതിരിഞ്ഞു. ഇതേ തുടർന്ന് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ ,പല സ്ഥലങ്ങളിൽ നിന്നും സമ്മർദ്ദം ഉണ്ടായതോടെ അധികൃതർ രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റാൻ സമ്മതിക്കുകയായിരുന്നു. ജില്ലയിൽ പല സിഎഫ്എൽടിസികളിലും സമാന രീതിയിലുള്ള തട്ടിപ്പു നടക്കുന്നുണ്ടെന്ന് തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് രോഗിയായ വീട്ടമ്മ മരിച്ചത്. ഇതോടെയാണ് സി.എഫ്.എൽ.ടി.സി അധികൃതരുടെ തട്ടിപ്പ് പുറത്തു വന്നത്.