മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങൾക്ക് പിടിവീഴും; വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാതയോരങ്ങളോട് ചേർന്നുള്ള വനമേഖലകളിലും മാലിന്യം വലിച്ചെറിഞ്ഞാൽ വാഹനങ്ങൾ പിടിച്ചെടുക്കും; തിരികെ ലഭിക്കുക കോടതി ഉത്തരവിൽ മാത്രം; തീരുമാനം തദ്ദേശ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാതയോരങ്ങളോട് ചേർന്നുള്ള വനമേഖലകളിലും മാലിന്യം വലിച്ചെറിയാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പിന്നീട് വാഹനങ്ങൾ വിട്ടുകൊടുക്കൂ. മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും അതിനോട് ചേർന്നുള്ള സ്ഥലത്തും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർ, പാതയോരങ്ങളോട് ചേർന്നുള്ള കാടുകളിലും മറ്റും മാലിന്യം തള്ളുന്നവർ, യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചശേഷം പ്ലാസ്റ്റിക് കവറുകളും പ്ലേറ്റുകളും ഉൾപ്പെടെ മാലിന്യം വലിച്ചെറിയുന്നവർ തുടങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാനാണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരം വാഹനങ്ങൾ ആവശ്യമെങ്കിൽ പിടിച്ചെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. വാഹനങ്ങൾ പിടിച്ചെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് നേരത്തെ ഡിജിപിയും വ്യക്തമാക്കിയിരുന്നു. ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള പൊലീസുകാരടക്കം അംഗമായ ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെ ഉപയോഗിച്ചാകും ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുക.