play-sharp-fill
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീംകോടതി അനുവദിച്ചത് ഇടക്കാല സംരക്ഷണം ; പ്രതിയെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് നിർദ്ദേശം ; ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീംകോടതി അനുവദിച്ചത് ഇടക്കാല സംരക്ഷണം ; പ്രതിയെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് നിർദ്ദേശം ; ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീംകോടതി അനുവദിച്ചത് ഇടക്കാല ജാമ്യമെന്ന് വ്യക്തമായി.

മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഇനി പരിഗണിക്കുന്നതിനുമുമ്ബ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ അവര്‍ക്കുമുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്ടോബര്‍ 22-ന് കോടതി പരിഗണിക്കും.

സിദ്ദിഖിന് ലഭിച്ചത് അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ മാത്രമാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, ഇടക്കാല ജാമ്യമാണ് സിദ്ദിഖിന് ലഭിച്ചതെന്നാണ് ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തുവരുമ്ബോള്‍ വ്യക്തമായത്. കേസിലെ എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാരിനും അതിജീവിതയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, സിദ്ദിഖ് ഉടന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ട്. സിദ്ദിഖ് ഉടന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. തിരുവനന്തപുരം എസ്‌ഐടിക്ക് മുന്‍പാകെയാകും ഹാജരാവുകയെന്നാണ് വിവരം.

രണ്ടാഴ്ചത്തേയ്ക്കാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീകോടതിയുടെ നടപടി. അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതി മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ സിദ്ദിഖ് പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു.

വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന വാദവും കോടതി കണക്കിലെടുത്തു. സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

കേസില്‍ കക്ഷി ചേരാന്‍ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോള്‍ നല്‍കിയതെന്ന് സംസ്ഥാനവും അതിജീവിതയും വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ അന്വേഷണം നടക്കുന്നെന്ന് കോടതി പറഞ്ഞു.

സിദ്ദിഖിന് അന്വേഷണവുമായി സഹകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. സിനിമയില്‍ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 62ാമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി.

365 സിനിമയില്‍ അഭിനയിച്ചെന്നും 67 വയസായെന്നും സിദ്ദിഖ് കോടതിയില്‍ വ്യക്തമാക്കി. അതുപോലെ തന്നെ പരാതി നല്‍കിയത് ഏറെ വൈകിയാണന്നും സിദ്ദിഖ് കോടതിയില്‍ വാദിച്ചിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സിദ്ദിഖ് 6 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എസ് പി മെറിന്‍ ജോസഫ് ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന അഡ്വ. ഐശ്യര്യ ഭാട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യുവ നടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായി എന്നതായിരുന്നു സിദ്ദിഖിന് വേണ്ടി മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചത്. സിദ്ദിഖിന് എതിരെ പരാതി ഉന്നയിച്ച പരാതിക്കാരി ഇട്ട അഞ്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും വ്യത്യസ്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് എന്ന് മുകുള്‍ റോത്തഗി ആരോപിച്ചു. ബലാത്സംഗം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം മാതാപിതാക്കള്‍ക്ക് ഒപ്പമാണ് പരാതിക്കാരി സിദ്ദിഖിനെ കണ്ടതെന്നും റോത്തഗി കോടതിയില്‍ വാദിച്ചു. ഇത് പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. എട്ട് വര്‍ഷം സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു.

സിദ്ദിഖ് മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നുവെന്നും അതിനാല്‍ സിനിമയിലെ തുടക്കകാരി എന്ന നിലയില്‍ അക്കാലത്ത് പരാതി ഉന്നയിക്കാന്‍ അതിജീവിതയ്ക്ക് പരിമിതി ഉണ്ടായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 300-ല്‍ അധികം സിനിമകളിലാണ് സിദ്ദിഖ് അഭിനയിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സിദ്ദിഖ് എ.എം.എം.എ. എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി അല്ലേയെന്ന് കോടതി ആരാഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്തുകൊണ്ട് വൈകി എന്ന കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി എന്ന കാര്യം വ്യക്തമാക്കി അതിജീവിത സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്്. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും അതിജീവിതയുടെയും അല്ലാതെ മറ്റൊരു കക്ഷിയുടെയും വാദം കേള്‍ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത് പൊതു താത്പര്യ ഹര്‍ജി അല്ലെന്നും കോടതി തടസഹര്‍ജിയുമായി കോടതിയില്‍ എത്തിയ മറ്റ് രണ്ടുപേരോടും വ്യക്തമാക്കി.

അഭിഭാഷകന്‍ അജീഷ് കളത്തില്‍ ഗോപി, നവാസ് പായിച്ചിറ എന്നിവരാണ് തടസ ഹര്‍ജി നല്‍കിയിരുന്ന മറ്റ് രണ്ടുപേര്‍. കേസിലെ തടസ ഹര്‍ജികള്‍ തങ്ങളുടെ വാദത്തിന് തിരിച്ചടിയാകുമെന്ന ആശങ്ക സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഉണ്ടായിരുന്നു. ബലാത്സംഗ കേസിനെ പൊതു താത്പര്യ കേസായി മാറ്റാനുള്ള ശ്രമം തടസ ഹര്‍ജിക്കാര്‍ക്ക് ഉണ്ടായിരുന്നുവോ എന്ന ആശങ്ക ആയിരുന്നു സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഉണ്ടായിരുന്നത്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കി പൊലീസ് വലവിരിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. അതിനിടെ സിദ്ദിഖിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി മകന്‍ ഷഹീന്‍ ആരോപിച്ചു. സിദ്ദിഖ് കൊച്ചിയില്‍ ഉണ്ടായിട്ടും പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന ആരോപണവും ശക്തമാണ്.