കോട്ടയത്ത് മഞ്ഞപ്പിത്തം വർധിക്കുന്നു , ഞെട്ടിക്കുന്ന കണക്കുമായി ആരോഗ്യവകുപ്പ്..ജനങ്ങൾക്കു ജാഗ്രത നിർദ്ദേശം ..
സ്വന്തംലേഖകൻ
കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി രോഗ നിരീക്ഷണ സെൽ റിപോർട്ടുകൾ സൂചിക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ജേക്കബ് വർഗീസ് അറിയിച്ചു.
2017 ൽ 192 പേർക്കും 2018 ൽ 350 പേർക്കും ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചതായി സംശയിക്കുന്നു. ഇതിൽ യഥാക്രമം 33 പേർക്കും 125 പേർക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. കിടങ്ങൂർ, അതിരമ്പുഴ, എസ് .എച് മൗണ്ട്, കാഞ്ഞിരപ്പള്ളി ചങ്ങനാശേരി എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മഞ്ഞപ്പിത്തം കൂടുതൽ റിപ്പോർട്ട് ചെയ്തത്.
ജലത്തിലൂടെ പകരുന്ന ഒരു പകർച്ച വ്യാധിയാണ് മഞ്ഞപ്പിത്തം. കക്കൂസ് മാലിന്യം കുടിവെള്ളത്തിൽ കലർന്ന് ശരീരത്തിൽ പ്രവേശിക്കുന്നതിലൂടെയാണ് രോഗം ബാധിക്കുന്നതു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുകയും, കുടിവെള്ള സ്രോതസുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നതുമാണ് സുപ്രധാന പ്രതിരോധ നടപടികൾ. രോഗ ബാധ കൂടുതൽ കണ്ടെത്തിയ സ്ഥലങ്ങളിൽ കുറഞ്ഞത് ആഴ്‍ചയിലൊരിക്കലും, മറ്റുള്ള സ്ഥലങ്ങളിൽ മാസത്തിലൊരിക്കലെങ്കിലും കിണറുകൾ ക്ലോറിനേറ്റ് ചെയ്യണം.
കിണറുകൾ ക്ലോറിനേറ്റ് ചെയ്യാൻ ആയിരം ലിറ്ററിന് ഒരു ടേബിൾ സ്പൂൺ ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കാവുന്നതാണ്. രോഗ ബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കണം.
കിണർ ക്ലോറിനേറ്റ് ചെയ്യാൻ കഴിയാത്തവർ ഇരുപതു ലിറ്റർ കുടിവെള്ളത്തിന് ഒന്ന് എന്ന ക്രമത്തിൽ ക്ലോറിൻ ഗുളിക
ഉപയോഗിച്ചും കുടിവെള്ളവും, പാത്രം കഴുകാനുള്ള വെള്ളവും ക്ലോറിനേറ്റ് ചെയ്താലും മതിയാകും.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ബേക്കറികൾ, റസ്റ്ററന്റുകൾ, ശീതള പാനീയ ശാലകൾ, ഐസ് പ്ലാന്റുകൾ എന്നിവ നിർബന്ധമായും വെള്ളത്തിന്റെ സ്രോതസുകൾ ശരിയായി ക്ലോറിനെറ്റ് ചെയ്കയും, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും, പാകം ചെയ്യാനും ഉപയോഗിക്കുകയും വേണം.
വർദ്ധിച്ചു വരുന്ന മദ്യപാന ശീലവും പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നതായി ഡി .എം. ഒ പറഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ചവർ മദ്യപിക്കുന്നത് രോഗം പെട്ടെന്നു മൂർച്ഛിക്കുന്നതിനും, മരണ നിരക്ക് കൂടുന്നതിനും കാരണമാകുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
പനി ബാധിതർ എത്രയും നേരത്തെ വിദഗ്ധ ചികിത്സ നേടേണ്ടതും, ശരിയായി വിശ്രമിക്കേണ്ടതുമാണ്.