
ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം കടുപ്പിക്കാൻ ഡിഎംകെ. നാളെ ഡിഎംകെ സഖ്യത്തിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ പ്രതിഷേധം സംഘടിപ്പിക്കും.
നയത്തിന്റെ മറവിൽ ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമമെന്നാണ് ഡിഎംകെയുടെ വാദം. ദ്വിഭാഷാ പദ്ധതിയിൽ മാറ്റം വേണ്ടെന്ന എ.ഐ.എ.ഡി.എം.കെയുടെ നിലപാടും വിഷയത്തിൽ ഡിഎംകെക്ക് ആശ്വാസമായിരിക്കുകയാണ്.
ദേശീയ വിദ്യാഭ്യാസ നയവും ത്രിഭാഷാ ഫോർമുലയും അംഗീകരിച്ചില്ലെങ്കിൽ കേന്ദ്രവിഹിതം ലഭിക്കില്ലെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രഖ്യാപനത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാവുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് ഡിഎംകെയ്ക്ക് ആശ്വാസമായി അണ്ണാഡിഎംകെയും നിലപാടെടുത്തത്. സംസ്ഥാനത്ത് നിലവിലുള്ള ദ്വിഭാഷാ ദ്ധതിയിൽ മാറ്റം വേണ്ടെന്ന് എഐഎഡിഎംകെയും നിലപാടെടുത്തു.
തമിഴ്നാട് ഇന്ത്യൻ ഭരണഘടന അനുസരിക്കണമെന്നും ത്രിഭാഷ നയം രാജ്യത്തിന്റെ നിയമമാണെന്നുമായിരുന്നു ധർമേന്ദ്ര പ്രഥാൻ വരാണസിയിൽ വെച്ച് പറഞ്ഞത്. എന്നാൽ ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ത്രിഭാഷാ നയം നിർബന്ധമാക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ കൺകറണ്ട് ലിസ്റ്റിലാണ് വിദ്യാഭ്യാസം ഉൾപ്പെടുന്നത്. കേന്ദ്ര സർക്കാറിന് അതിൽ പരമമായ അധികാരമില്ല. ത്രിഭാഷാ പദ്ധതി അംഗീകരിക്കാതെ ഫണ്ട് നൽകില്ലെന്ന ഭീഷണി തമിഴ് ജനത അംഗീകരിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
നിയമപരമായ അവകാശം മാത്രമാണ് ചോദിക്കുന്നത്. നിങ്ങളുടെ സ്വകാര്യ സ്വത്താണ് ചോദിക്കുന്നതെന്ന തരത്തിലുള്ള ധിക്കാരത്തോടെ സംസാരിച്ചാൽ തമിഴരുടെ വികാരം കേന്ദ്രം മനസിലാക്കേണ്ടി വരുമെന്നും സ്റ്റാലിൻ പറഞ്ഞു.