കളക്‌ടറമ്മയ്‌ക്കൊപ്പം മൽഹാർ കരുതലേകി സോഷ്യൽ മീഡിയ;ഇപ്പോൾ താരം പത്തനംതിട്ട കളക്‌ടർ ദിവ്യ എസ് അയ്യരും മകൻ മൽഹാറും…
ആകെയുള്ള ഒരു അവധിദിനത്തിൽ വേദിയിൽ ജില്ലാ കളക്‌ടറായ അമ്മ സംസാരിക്കുമ്പോൾ മാറി നിൽക്കാൻ മൽഹാറിനാവില്ലായിരുന്നു. ആ മൂന്നരവയസുകാരന് അമ്മയ്‌ക്കൊപ്പം നിൽക്കണം, അമ്മ ഒന്നു ചേർത്തു പിടിക്കണം. ഓടിയെത്തിയപ്പോൾ അമ്മ അവനെ എടുത്തുയർത്തി പ്രസംഗിച്ചു. മൽഹാറും അമ്മയും ഡബിൾ ഹാപ്പി.
അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനത്തിലായിരുന്നു സ്നേഹം തുളുമ്പിയനിമിഷങ്ങൾ. ജില്ലാ കളക്‌ടർ ഡോ. ദിവ്യ എസ്.അയ്യരുടെ ഈ ചിത്രം ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഫേസ്ബുക്കിലിട്ടതോടെ അഭിനന്ദനങ്ങളും വിമർശനങ്ങളുമുയർന്നു. ”ഇത് അനുകരണീയമല്ല, കളക്ടർ തമാശക്കളിയായാണ് പരിപാടിയെ കണ്ടത്. ഇത് അവരുടെ വീട്ടുപരിപാടിയല്ല, ഓവറാക്കി ചളമാക്കി “”എന്ന് കവി രാജീവ് ആലുങ്കൽ പറഞ്ഞതോടെ മറുപടിയുമായി കളക്ടറുടെ ഭർത്താവും മുൻ എം.എൽ.എയുമായ ശബരീനാഥെത്തി.
തിരക്കിനിടയിൽ കിട്ടുന്ന അവധിദിനം കുഞ്ഞിനോടൊപ്പം ചെലവഴിച്ചതാണ് ദിവ്യയെന്നും ഇത് സംഘാടകരെ അറിയിച്ചിരുന്നെന്നും ശബരിനാഥ് പറഞ്ഞു. രാവിലെ 10 മുതൽ രാത്രി 8 വരെ ജോലി ചെയ്യുന്നയാളാണ് ദിവ്യ. രാത്രി എട്ടിന് ശേഷം ദിവ്യയെ കണ്ടില്ലെങ്കിൽ മൽഹാർ കരയും. തൊഴിലെടുക്കുന്ന ഭൂരിഭാഗം സ്ത്രീകളുടെയും പ്രശ്നമാണിതെന്നായിരുന്നു ശബരീനാഥിന്റെ നിരീക്ഷണം. ഇതോടെ ജോലി ചെയ്യുന്ന അമ്മമാരുടെ പ്രയാസങ്ങളിലേക്കായി ചർച്ച.
Whatsapp Group 1 | Whatsapp Group 2 |Telegram Group
”ഓസ്‌ട്രേലിയൻ പാർലമെന്റിലിരുന്ന് സെനറ്റർ ലാരിസ വാട്ടേഴ്‌സും കാനഡ പാർലമെന്റിൽ മന്ത്രിയായിരുന്ന കരീന ഗോൾഡും കുഞ്ഞുങ്ങൾക്ക് മുലയൂട്ടിയതും യു.എൻ ജനറൽ അസംബ്ലിയിൽ കുഞ്ഞുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൻ എത്തിയതും നമ്മൾ ആഘോഷിച്ചു. അതേ സമയം സ്വന്തമിടത്തിൽ ഇത് നമുക്ക് അശ്ളീലം..”” ദിവ്യയെ അനുകൂലിച്ചവരുടെ വാദം ഇങ്ങനെ.
“വിവാദത്തിലുപരി ചർച്ച ഉയർന്നതിൽ സന്തോഷം. കുഞ്ഞിന് രോഗമായാലും നോക്കാനാവാത്ത അമ്മമാരുണ്ട്. ഞായർ പരിപാടികളിൽ കുഞ്ഞ് വരുന്നതിൽ ബുദ്ധിമുട്ടുണ്ടോ എന്ന് തിരക്കാറുണ്ട്. സാംസ്‌കാരിക ചടങ്ങിൽ കുട്ടികൾ വരുന്നത് നല്ലതാണ്. അടൂരിലും ധാരാളം കുട്ടികളുണ്ടായിരുന്നു.”