
ന്യൂ ഡൽഹി: രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളിയുടെ ഫോൺ സംഭാഷണം വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെതാണ് ഉത്തരവ്.
രഹസ്യമായി റെക്കോർഡ് ചെയ്യുന്ന പങ്കാളിയുടെ ടെലിഫോൺ സംഭാഷണങ്ങൾ വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന് പഞ്ചാബ്- ഹരിയാണ ഹൈക്കോടതി വിധിച്ചിരുന്നു. ഇന്ത്യൻ തെളിവ് നിയമത്തിലെ 122 ആം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു പഞ്ചാബ് ഹരിയാണ ഹൈക്കോടതി ഉത്തരവ്. ഇങ്ങനെ റെക്കോർഡ് ചെയ്യുന്നത് വ്യക്തികളുടെ മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റവും സ്വകാര്യതയുടെ ലംഘനവും ആണെന്നായിരുന്നു പഞ്ചാബ്- ഹരിയാണ ഹൈക്കോടതി വിധി.
എന്നാൽ, ഭരണഘടനയുടെ 21-ആം അനുച്ഛേദം എല്ലാ കേസുകളിലും നീതിയുക്തമായ വിചാരണ ഉറപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നീതിയുക്തമായ വിചാരണ ഉറപ്പാക്കാൻ രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളിയുടെ ഫോൺ സംഭാഷണം വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രഹസ്യമായി റെക്കോർഡ് ചെയ്യുന്ന പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി പരിഗണിക്കുന്നത് ഗാർഹിക ഐക്യത്തെ തകർക്കുമെന്നും ഭാര്യാഭർത്താക്കന്മാർക്കിടയിൽ പരസ്പരം സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള പ്രവണത വർധിപ്പിക്കുമെന്നുമുള്ള വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.