ജില്ലാ മൃഗാശുപത്രിയില്‍ ദുരിതം മാത്രം; ആവശ്യത്തിന് ഡോക്ടർമാർ, എക്‌സ്‌റെ സംവിധാനം, ടെക്നീഷ്യൻസ് എന്നിവരുടെ അപര്യാപ്തത; കോടികൾ മുടക്കി നിർമ്മിച്ച ആശുപത്രികൾ അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം : ആധുനിക ചികിത്സാ സൗകര്യങ്ങള്‍ മൃഗങ്ങള്‍ക്കും ലഭ്യമാക്കുന്നതിനായി മോഡേണ്‍ രീതിയില്‍ നിര്‍മ്മിച്ച ജില്ലാ മൃഗാശുപത്രികൾ അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നു. പല സ്ഥലങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരോ, എക്സറേ ടെക്നീഷ്യന്മാരോ ഇല്ലാതെ നശിക്കുന്നു.
അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററും സ്‌കാനിംഗ് സംവിധാനവും ഉള്‍പ്പെടെയുണ്ടെങ്കിലും എക്‌സറെ സംവിധാനമില്ലാത്തതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടിമതയില്‍ 2014 ല്‍ ആണ് 4.5 കോടി രൂപ ചെലവഴിച്ച് പുതിയ ആശുപത്രി നിര്‍മ്മിച്ചത്. പൂച്ച, ആന, മറ്റ് മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട എക്‌സ്‌റെ ആവശ്യത്തിനായി നിരവധി കേസുകള്‍ എത്താറുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ഇവയുടെ ചെലവ് അധികമാണ്.
മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് മോഡല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. പരിശോധനാമുറിയും ഡോക്ടര്‍മാര്‍ക്കുള്ള മുറിയുമുണ്ട്. മൃഗങ്ങള്‍ക്കുള്ള ഓപ്പറേഷന്‍ തിയേറ്ററും ആധുനികരീതിയിലുള്ള പരിശോധനാ ലാബും ഐ.സി.യു യൂണിറ്റും ഒന്നാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
രണ്ടും മൂന്നും നിലകളില്‍ ജില്ലാ ജന്തുനിവാരണ സെല്‍, രാത്രി ഡ്യൂട്ടിയുള്ള ഡോക്ടറുടെ മുറി, എലിഫന്റ് സ്‌ക്വാഡ്, ജില്ലാ ലാബ്, ഫാര്‍മേഴ്‌സ് ട്രെയിനിംഗ് സെന്റര്‍, മൊബൈല്‍ വെറ്ററിനറി ആശുപത്രി എന്നിവയുടെ ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്.
ജില്ലയില്‍ ചങ്ങനാശേരി, അതിരമ്പുഴ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് എക്‌സ്‌റെ സംവിധാനമുള്ളത്. വലിയ മൃഗങ്ങള്‍ക്ക് ഉള്‍പ്പെടെ എക്‌സ്‌റെ സംവിധാനം ഒരുക്കണമെങ്കില്‍ സ്ഥല സൗകര്യം, ടെക്‌നീഷ്യന്‍ എന്നിവ വേണം. സംസ്ഥാനത്ത് കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്ന് മാത്രമാണ് എകസ്‌റെ യൂണിറ്റിനായി പ്രൊപ്പോസല്‍ നല്‍കി അംഗീകാരം ലഭിച്ചിരിക്കുന്നത്.
എന്നാല്‍, എക്‌സ്‌റെ യൂണിറ്റിലേക്കുള്ള പോസ്റ്റ് അനുവദിച്ചിട്ടില്ല. എക്‌സ്‌റെ യൂണിറ്റിനായി 15 ലക്ഷം രൂപവരെയാണ് ചെലവ് വരുന്നതെന്ന് ജില്ലാ മൃഗാശുപത്രി ചീഫ് വെറ്റിനററി ഓഫീസര്‍ അറിയിച്ചു.