play-sharp-fill
ശ്വാസകോശേതര ടിബി നിര്‍ണ്ണയത്തിന്  ജില്ലാ ആശുപത്രിയില്‍ പുതിയ സംവിധാനം

ശ്വാസകോശേതര ടിബി നിര്‍ണ്ണയത്തിന് ജില്ലാ ആശുപത്രിയില്‍ പുതിയ സംവിധാനം

സ്വന്തംലേഖകൻ

കോട്ടയം:ശ്വാസകോശേതര ടിബി നിര്‍ണ്ണയത്തിന്
ജില്ലാ ആശുപത്രിയില്‍ പുതിയ സംവിധാനം
ശ്വാസ കോശം ഒഴികെയുള്ള അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗം കണ്ടെത്താന്‍ സഹായകമായ ഹാര്‍ഡ് ടിഷ്യൂ പ്രോസസിംഗ് യൂണിറ്റ് കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. രോഗ നിര്‍ണയത്തില്‍ ഏറെ പ്രയോജനപ്രദമായ ഈ സംവിധാനം സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാന ടിബി സെല്ലിനു പുറമെ ആദ്യമായി ആരംഭിക്കുന്നത് കോട്ടയത്താണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.
ശ്വാസകോശത്തെ ബാധിക്കുന്ന സാധാരണ ക്ഷയരോഗം ദ്രവരൂപത്തിലുള്ള കഫം സിബിനാറ്റ് (Cateidge Based Nuclic Acid Amplification Test) വഴി പരിശോധിച്ചാണ് കണ്ടെത്തുന്നത്. എന്നാല്‍ മറ്റ് അവയവങ്ങളെ രോഗം ബാധിച്ചാല്‍ അവ ഖരരൂപത്തിലുള്ള കോശങ്ങളായതിനാല്‍ ഈ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിച്ചിരുന്നില്ല. ഖര രൂപത്തിലുള്ള ശരീര കോശങ്ങള്‍ അരച്ച് ദ്രവരൂപത്തിലാക്കാന്‍ പുതിയ സംവിധാനം ഉപകരിക്കും.
ഇങ്ങനെ അരയ്ക്കുന്ന കോശങ്ങള്‍ സിബിനാറ്റില്‍ പരിശോധിക്കാന്‍ കഴിയുന്നതിലൂടെ ശ്വാസകോശ ഇതര ടിബി രോഗികളുടെ ശരീരം ക്ഷയരോഗ മരുന്നുകളോടു പ്രതികരിക്കുന്നത് എങ്ങനെയെന്ന് കണ്ടെത്താനും ഫലപ്രദമായ മരുന്നുകള്‍ ഉപയോഗിച്ച് രോഗം ചികിത്സിച്ച് ഭേദമാക്കാനും കഴിയുമെന്ന് ജില്ലാ ടിബി ഓഫിസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍ പറഞ്ഞു.
സ്വകാര്യ ലാബോറട്ടറികളില്‍ ഇത്തരം രോഗനിര്‍ണയത്തിന് അയ്യായിരം രൂപയാണ് നിരക്ക്. പ്രോസസിംഗ് യൂണിറ്റിനെ അണുവിമുക്തമാക്കുന്ന ഓട്ടോക്ലേവ് സംവിധാനം ഉള്‍പ്പെടെയുള്ള യൂണിറ്റ് സംസ്ഥാന ആരോഗ്യ വകുപ്പ് ഒന്നര ലക്ഷം രൂപ ചെലവിട്ടാണ് ജില്ലാ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയത്. ആശുപത്രിയില്‍തന്നെയുള്ള പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെയാണ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്.