play-sharp-fill
വെടിക്കെട്ട് പ്രദർശനത്തിന് വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ടി.വി അനുപമ

വെടിക്കെട്ട് പ്രദർശനത്തിന് വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ടി.വി അനുപമ

സ്വന്തം ലേഖകൻ

തൃശൂർ ജില്ലയിലെ ആരാധനാലയങ്ങളിലെ തിരുനാളുകൾ, ഉത്സവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന വെടിക്കെട്ട് പ്രദർശനത്തിന് അനുമതി ലഭിക്കുന്നതിന് എക്‌സ്‌പ്ലോസീവ് റൂൾ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കണമെന്നും നിയമവിരുദ്ധ വെടിക്കെട്ട് പ്രദർശനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടത്തിന് (മാഗസിൻ) സ്‌ഫോടക വസ്തു ലൈസൻസ് ഉണ്ടായിരിക്കണം. വെടിക്കെട്ട് നിർമ്മാതാക്കൾക്കും വെടിക്കോപ്പുകൾക്കും പെസോയിൽനിന്നും ലൈസൻസ് വേണം.

വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന് പെസോ നിഷ്‌ക്കർഷിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം. ഈ വ്യവസ്ഥകൾ ലംഘിച്ച് സമർപ്പിക്കുന്ന അപേക്ഷ നിരസിക്കുമെന്നും ഫാൻസി വെടിക്കെട്ടുകൾക്ക് അനുമതിയില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ആരാധനാലയങ്ങളിലെ ഭക്ഷണ വിതരണം, പ്രസാദ ഊട്ട്, തിരുനാൾ ഊട്ട് എന്നിവയ്ക്ക് ലൈസൻസ്, രജിസ്‌ട്രേഷൻ എന്നിവ നിർബന്ധമാക്കിയതായി തൃശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചിരുന്നു. മാർച്ച് ഒന്നിനനകം എല്ലാ ആരാധനാലയങ്ങളും ലൈസൻസ്, രജിസ്‌ട്രേഷനുകൾ എടുക്കണം. പൊതു ആരാധനാലയങ്ങൾക്കും സ്വകാര്യ ആരാധനാലയങ്ങൾക്കും ഇത് ബാധകമാണ്. വലിയ തോതിൽ ദിവസവും ഭക്ഷണം, പ്രസാദം എന്നിവ വിതരണം ചെയ്യുന്ന ആരാധനാലങ്ങൾക്ക് ലൈസൻസും ഇടവിട്ടുള്ള ഭക്ഷണ, പ്രസാദ വിതരണം നടത്തുന്ന ആരാധനാലയങ്ങൾക്ക് രജിസ്‌ട്രേഷനുമാണ് വേണ്ടതെന്നും കളക്ടർ വ്യക്തമാക്കി.

നിയോജകമണ്ഡലം അടിസ്ഥാനത്തിലാണ് ലൈസൻസ്, രജിസ്‌ട്രേഷൻ നടത്തേണ്ടത്. രജിസ്‌ട്രേഷൻ നടത്താൻ ആരാധനാലയങ്ങളിലെ ഉത്തരവാദപ്പെട്ടവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫോട്ടോ, ഐഡി കാർഡ്, നൂറു രൂപ ഫീസ് എന്നിവ വേണം. ലൈസൻസ് എടുക്കുന്നതിനായി ലോക്കൽ ബോഡിയുടെ സമ്മതപത്രം, ഫോട്ടോ, തിരിച്ചറിയൽ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കുടിവെള്ള റിപ്പോർട്ട് എന്നിവയും ലൈസൻസ് ഫീസായി 2000 രൂപയും നൽകണം. രജിസ്‌ട്രേഷൻ, ലൈസൻസ് എന്നിവ വർഷം തോറും പുതുക്കണം. അഞ്ചു വർഷത്തേക്ക് ഒരുമിച്ച് രജിസ്‌ട്രേഷനും ലൈസൻസും എടുക്കാവുന്നതാണ്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങളിലെ പാചകപ്പുരയിലെ ശുചിത്വവും ഉറപ്പു വരുത്തും. പാചകം ചെയ്യുന്ന സ്ഥലം, ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്ന സ്ഥലം എന്നിവ നിശ്ചിത അകലത്തിലായിരിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചിരുന്നു.