ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം ജോസഫിന്റെ അന്ത്യശാസനം തള്ളി കോൺഗ്രസ്:  തീരുമാനം യുഡിഎഫ് സംസ്ഥാനസമിതിക്ക് വിട്ടു

ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം ജോസഫിന്റെ അന്ത്യശാസനം തള്ളി കോൺഗ്രസ്: തീരുമാനം യുഡിഎഫ് സംസ്ഥാനസമിതിക്ക് വിട്ടു

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് കേരള കോൺഗ്രസ് എം വിട്ടു വീഴ്ച ചെയ്യാത്ത സാഹചര്യത്തിൽ തർക്കം യുഡിഎഫ് സംസ്ഥാന സമിതിക്ക് കൈമാറാൻ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി ചേർന്ന് തീരുമാനിച്ചു.

വെള്ളിയാഴ്ചയ്ക്ക് മുമ്പ് പ്രശ്നം പരിഹരിക്കണമെന്ന പി.ജെ ജോസഫിന്റെ അന്ത്യശാസനം കോൺഗ്രസ് തള്ളി. ഈ വിഷയത്തിൽ പ്രത്യക്ഷമായി കേരള കോൺഗ്രസ് എം നെ പ്രകോപിപ്പിക്കേണ്ട എന്നതാണ് അവരുടെ നയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.ജെ ജോസഫ് വിഭാഗത്തോട് ഈ കാര്യം തുറന്ന് പറയുകയും ചെയ്തു. യുഡിഎഫ് ഒരു മുന്നണിയാണ്. മുന്നണിയിലെ ഘടക കക്ഷിക്കകത്ത് ഉണ്ടായിരിക്കുന്ന തർക്കത്തിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രശ്നപരിഹാരം തീർക്കുക അസാധ്യമാണ്. ധാരണയുണ്ടെങ്കിൽ പാലിക്കണം, ധാരണയുണ്ടോ എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്ര മാത്രമേ കോൺഗ്രസിന് പറയുവാൻ കഴിയു.

അന്ത്യശാസനം ഒന്നും നൽകുവാനോ അത് കോൺഗ്രസിനോട് ആവശ്യപ്പെടുവാനൊ ആരും തയ്യാറാക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. രണ്ട് എംപിമാർ ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം അത് കേന്ദ്രത്തിൽ യുപിഎയുടെ ഭാഗമാണ്. അവരുടെ പാർട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ കേസിന്റെ അന്തിമ വിധിയ്ക്ക് കാത്തിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ മധ്യതിരുവിതാംകൂറിൽ നിർണായക രാഷ്ട്രീയ ശക്തിയായ കേരള കോൺഗ്രസ് എമ്മിനെ അതായത് ഇപ്പോഴത്തെ ജോസ് വിഭാഗത്തെ പിണക്കാൻ കഴിയില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം ഇന്നലെ രാത്രി വൈകുംവരെ യും കോൺഗ്രസ് നേതൃത്വം ജോസ് കെ മാണി എംപിയെ അറിയിച്ചില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

ചർച്ച നടക്കുന്ന സമയത്ത് തോമസ് ചാഴികാടൻ എം.പിയോട് നിലപാടിൽ എന്തെങ്കിലും അയവുണ്ടോ എന്ന് ബെന്നി ബഹനാൻ വിളിച്ചു ചോദിച്ചത് ഒഴിച്ചാൽ രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം സംബന്ധിച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗവും കോൺഗ്രസ് പാർട്ടിയും തമ്മിൽ ഒരുതരത്തിൽ ഉള്ള ആശയവിനിമയവും ഉണ്ടായിട്ടില്ല.

ഇന്നലെ ജോസഫിന്റെ വസതിയിലെത്തിയ മാധ്യമപ്രവർത്തകരോട് ജോസഫ് വിഭാഗം പറഞ്ഞത് കരുതി കൂട്ടിയ നാടകത്തിൻറെ ഭാഗമായിരുന്നു എന്ന് വ്യക്തം. ഇന്നലെ രാവിലെ മുതൽ ഓൺലൈൻ മാധ്യമങ്ങളിലും ചില ന്യൂസ് ചാനലുകളിലും വന്ന വാർത്ത കോൺഗ്രസ് അന്ത്യശാസനം നൽകി എന്ന് സംബന്ധിച്ചായിരുന്നു.

യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത വാർത്തയായിരുന്നു എന്ന് എല്ലാവർക്കും മനസ്സിലായി. ഒടുവിൽ ജോസഫ് വിഭാഗം പറഞ്ഞു വച്ചത് കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം കിട്ടിയില്ലെങ്കിൽ അവിശ്വാസ പ്രമേയത്തിന് നേതൃത്വം കൊടുക്കും എന്നുള്ളതാണ്. ഇത് ഈ വർഷത്തെ ഏറ്റവും വലിയ തമാശയാണ്.

കാരണം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുക്കണമെങ്കിൽ ചുരുങ്ങിയത് മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ വേണം. കോട്ടയം ജില്ലാ പഞ്ചായത്തിൽ അത് എട്ടാണ്. ജോസഫിന്റെ കൂടെയുള്ളത് 2 മെമ്പർമാർ, കോൺഗ്രസ് പാർട്ടി സഹായിക്കാതെ അവിശ്വാസ പ്രമേയ നോട്ടീസ് കൊടുക്കാൻ പോലും സാധിക്കില്ല എന്ന് അറിയാത്തവരല്ല മാധ്യമങ്ങൾ.

പക്ഷേ പി.ജെ ജോസഫ് വിഭാഗത്തിൻറെ കള്ള പ്രചരണത്തിൽ ചില മാധ്യമങ്ങൾ എങ്കിലും വീണു പോയി എന്നതാണ് സത്യം. കേന്ദ്രത്തിലെ യുപിഎ യുടെ ഭാഗമായ ഒരു രാഷ്ട്രീയ പാർട്ടിയ്ക്കെതിരെ ഒരു പ്രാദേശിക ജില്ലാപഞ്ചായത്ത് വിഷയത്തിൽ ഏകപക്ഷീയമായ തീരുമാനം എടുക്കുവാൻ കോൺഗ്രസിന് കഴിയില്ല എന്നുള്ളതാണ് സത്യം.

പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസഫ് പക്ഷത്തോട് ചിഹ്നം കൊടുക്കുവാൻ ആവശ്യപ്പെട്ടപ്പോൾ പി.ജെ ജോസഫ് നിരാകരിക്കുകയാണ് ചെയ്തത്. അന്നും ഒരു പരിധിക്കപ്പുറം കോൺഗ്രസ് പാർട്ടി പ്രതികരിച്ചില്ല. അതേ നിലപാട് തന്നെയായിരിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് വിഷയത്തിലും അവർ സ്വീകരിക്കാൻ പോകുന്നത്.

ജോസ് കെ മാണി വിഭാഗത്തോട് രാജിവെക്കണം എന്ന് ആവശ്യപ്പെടും നടന്നില്ലെങ്കിൽ ജോസഫിനോട് കൈമലർത്തി കാണിക്കും. കാരണം കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല. പല സംസ്ഥാനങ്ങളിലും കോൺഗ്രസിൻറെ സ്ഥിതി ദയനീയമാണ്. മാറി മാറി വരുന്ന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ ആഘാതം വരുന്നത് അവർക്ക് തന്നെയാണ്.

ആറ് മാസത്തിനുള്ളിൽ നടക്കുവാൻ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്നും പ്രകോപിപ്പിച്ച് പുറത്തു വിട്ടാൽ ഏറ്റവും കൂടുതൽ ക്ഷീണം സംഭവിക്കുക കോൺഗ്രസിന് ആയിരിക്കും എന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ.

ജോസഫ് വിഭാഗത്തിലെ ഒരു എംഎൽഎ നേതൃത്വം കൊടുക്കുന്ന പി.ആർ ഏജൻസികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുവാൻ പരമാവധി പരിശ്രമിച്ചിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധാപൂർവ്വമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് വിഷയം സംബന്ധിച്ച് നിലപാടു സ്വീകരിച്ചതെന്ന് ഇന്നത്തെ പത്ര മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കുവാൻ കഴിയും.

ഒരു കാര്യം ഉറപ്പാണ് കേരള കോൺഗ്രസ് ജോസഫ് ജോസ് വിഭാഗങ്ങൾ ഒരുമിച്ച് ഒരു മുന്നണിയിൽ തുടരുക അസാധ്യമാണ്. ഇടതുമുന്നണിയിലേക്ക് ജോസഫ് വിഭാഗം കൂടുതൽ അടുക്കുന്നു എന്നാണ് ഒടുവിൽക്കിട്ടിയ വാർത്ത. ഒരുപക്ഷേ അടുത്ത ആഴ്ച ആദ്യം ഇതു സംബന്ധിച്ച നിർണായക തീരുമാനം ജോസഫ് കൈക്കൊള്ളും.

അവരുടെ മുന്നിൽ രണ്ടു വഴികളെ ഉള്ളൂ. അപമാനിതനായി യുഡിഎഫിൽ തുടരണമോ അതിൻറെ പേരിൽ എൽഡിഎഫിൽ പോകണമോ എന്നത് മാത്രം.ഇടത് മുന്നണിയിലേക്ക് മടക്കയാത്ര എളുപ്പം ആകാൻ വഴിയില്ല.

സി എഫ് തോമസ്, തോമസ് ഉണ്ണിയാടൻ, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, എന്നിവർ ഇടതു പ്രവേശനത്തിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. മോൻസ് ജോസഫും ജോയ് എബ്രാഹവും ഇടതുമുന്നണിയിലേക്ക് പോകണമെന്ന നിലപാടുകാരാണ്.

ഈ അഭിപ്രായമാണ് അവരുടെ ജില്ലാ പ്രസിഡണ്ട് മാരുടെയും പൊതുവികാരം. ഒരുപക്ഷേ, വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത പി ജെ ജോസഫ് വീണ്ടും ഒരിക്കൽ കൂടി തൻറെ പഴയ ലാവണത്തിലേക്ക് പോയേക്കും എന്നതാണ് പുറത്തുവരുന്ന സൂചനകൾ.