ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊവിഡ് രോഗിയുടെ ബാഗും പണവും മോഷ്ടിച്ചു; ജനറൽ ആശുപത്രിയിൽ മോഷണം സ്ഥിരമായതോടെ പൊലീസ് പരിശോധന ശക്തമാക്കി; പരിശോധനയിൽ കൺട്രോൾ റൂം സംഘത്തിന്റെ കയ്യിൽ കുടുങ്ങിയത് കോഴിക്കോട് സ്വദേശിയായ മോഷ്ടാവ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളുകളുടെയും, കൊവിഡ് രോഗികളുടെ കൂട്ടിരിപ്പുകാരുടെയും ബാഗും പണവും അടക്കം മോഷ്ടിച്ചിരുന്ന പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശിയായ അഫ്‌സലിനെ(55)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ സെൻട്രൽ ജംഗ്ഷനിൽ നിന്നാണ് തൊണ്ടി മുതലുമാണ് അഫ്‌സലിനെ കൺട്രോൾ റൂം പൊലീസ് സംഘം പിടികൂടിയത്.
ജില്ലാ ജനറൽ ആശുപത്രിയിൽ കൂട്ടിരിപ്പുകാരുടെയും, വാർഡുകളിൽ നിന്നും മോഷണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനു ആശുപത്രി കേന്ദ്രീകരിച്ചു പരിശോധന നടത്താൻ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ കൺട്രോൾ റൂം പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സെൻട്രൽ ജംഗ്ഷനിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരായ എ.എസ്.ഐ ഐ.സജികുമാർ, സിവിൽ പൊലീസ് ഓഫിസർ ജെനിൻ, സിവിൽ പൊലീസ് ഓഫിസർ സുധീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇയാളുടെ കയ്യിൽ നിന്നും ബാഗും, 3000 രൂപയും പിടിച്ചെടുത്തു.
ജില്ലാ ജനറൽ ആശുപത്രിയിലെ പത്താം വാർഡിൽ ചികിത്സ തേടിയിരുന്ന തിരുവല്ല സ്വദേശിയായ മറിയാമ്മ എന്ന വീട്ടമ്മയുടെ ബാഗാണ് ഇയാൾ ആശുപത്രിയിൽ നിന്നും മോഷ്ടിച്ചെടുത്തത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഇയാൾ ആശുപത്രിയിൽ നിന്നും ബാഗും പണവും മോഷ്ടിച്ചു രക്ഷപെട്ടത്. തുടർന്നു, പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് എന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.