
സ്വന്തം ലേഖകൻ
ദില്ലി: ഗൂഗിളിനും ആമസോണിനും ഷെയർ ചാറ്റിനും പിന്നാലെ ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി വാൾട്ട് ഡിസ്നി.7000 ത്തോളം ജീവനക്കാരെ പിരിച്ചു വിടുമെന്ന് ഡിസ്‌നി പ്രഖ്യാപിച്ചു.
5.5 ബില്യൺ ഡോളർ ചെലവ് ലാഭിക്കുന്നതിനും ബിസിനസ്സ് ലാഭകരമാക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൂട്ടം പിരിച്ചുവിടൽ. ഡിസ്നിയിലെ നിലവിലുള്ള ജീവനക്കാരുടെ 3.6 ശതമാനമാണ് കമ്പനി ഇപ്പോൾ പിരിച്ചു വിടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കമ്പനി അതിന്റെ പ്രധാന ബ്രാൻഡുകളിലേക്കും ഫ്രാഞ്ചൈസികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ബിസിനസ് കൂടുതൽ ലാഭകരമാക്കാൻ ചെലവ് കുറയ്ക്കുകയല്ലാതെ നിവൃത്തിയില്ല എന്ന് സിഇഒ ബോബ് ഐഗറിൻ വ്യക്തമാക്കി.
പുതിയ പദ്ധതി പ്രകാരം, ഡിസ്നി മൂന്ന് സെഗ്‌മെന്റുകളായി കമ്പനിയെ തന്നെ പുനഃക്രമീകരിക്കും. ആദ്യത്തേത് ഫിലിം, ടെലിവിഷൻ, സ്ട്രീമിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഒരു വിനോദ യൂണിറ്റ്, രണ്ടാമത്തേത് സ്‌പോർട്‌സ് കേന്ദ്രീകരിച്ചുള്ള ഇ എസ് പി എൻ യൂണിറ്റ്, മൂന്നാമത്തേത് ഡിസ്നി പാർക്കുകൾ, ടെലിവിഷൻ എക്‌സിക്യൂട്ടീവ് ഡാന വാൾഡനും ഫിലിം ചീഫ് അലൻ ബെർഗ്‌മാനും വിനോദ വിഭാഗത്തെ നയിക്കും, ജിമ്മി പിറ്റാരോ ഇഎസ്‌പിഎന്നിനെ നയിക്കും.
സ്ട്രീമിംഗിനായി കമ്പനി അമിതമായി ചെലവഴിക്കുന്നുവെന്ന ആക്ടിവിസ്റ്റ് നിക്ഷേപകനായ നെൽസൺ പെൽറ്റ്സിന്റെ വിമർശനം ഡിസ്‌നിക്ക് നേരെ ഉയർന്നിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ചില കമ്പനികൾ വൻ തോതിലാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ഗൂഗിൾ 12,000 ജീവനക്കാരെ പിരിച്ചുവിട്ടു, ആമസോൺ 18,000 ജീവനക്കാരെ പിരിച്ചുവിട്ടു. മെറ്റയും ട്വിറ്ററുമെല്ലാം പിരിച്ചുവിടലുകൾ നടത്തി കഴിഞ്ഞു. ഷെയർ ചാറ്റും ജീവനക്കാരെ ഈ വര്ഷം ആദ്യം പിരിച്ചു വിട്ടു.