നടി കൂടി ആവശ്യപ്പെട്ടാണ് തന്‍റെ പോരാട്ടം, പൊലീസ് മാഫിയ സംഘത്തിനൊപ്പം; തനിക്കെതിരെ നൽകിയത് വ്യാജ പരാതിയെന്ന് സനൽകുമാര്‍ ശശിധരൻ

Spread the love

കൊച്ചി:പരാതിക്കാരിയായ നടി മാഫിയയുടെ നിയന്ത്രണത്തിലാണെന്ന് സംവിധായകൻ സനൽകുമാര്‍ ശശിധരൻ. നടിയുടെ പരാതിയിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ജാമ്യം ലഭിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സനൽകുമാര്‍ ശശിധരൻ. മാനേജർ ബിനീഷ് ചന്ദ്രൻ ആണ് നടിയെ നിയന്ത്രിക്കുന്നത്. നടിയുടെ പേരിൽ തനിക്കെതിരെ വ്യാജ പരാതി നൽകി.പരാതിയിൽ വസ്തുതയുണ്ടെങ്കിൽ നടി പരസ്യമായി അക്കാര്യം പറയാത്തത് എന്തു കൊണ്ടാണെന്നും സനൽകുമാര്‍ ശശിധരൻ ചോദിച്ചു. നടിയുമായി ഏഴ് വർഷമായി പ്രണയത്തിലാണ്. നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്‍റെ പോരാട്ടം.

പൊലീസ് നടിയെ നിയന്ത്രിക്കുന്ന മാഫിയയ്‌ക്കൊപ്പമാണ്. നടപടിക്രമം പാലിക്കാതെയാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും.കെട്ടിച്ചമച്ച കേസെന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ജാമ്യം അനുവദിച്ചത്. യാതൊരു ഉപാധികളുമില്ലാതെയാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും സനൽകുമാര്‍ ശശിധരൻ പറഞ്ഞു.

ഇന്നലെ രാത്രി മുബൈയിൽ നിന്ന് കൊച്ചിയിലെത്തിച്ച സനൽകുമാര്‍ ശശിധരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പൊലീസ് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് ജാമ്യത്തിൽ വിടുകയായിരുന്നു. സ്വന്തം ജാമ്യത്തിലാണ് സനൽകുമാര്‍ ശശിധരനെ വിട്ടത്. ഇന്നലെ രാത്രി വൈകിയാണ് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ സനൽകുമാറിനെ എത്തിച്ചത്. തുടര്‍നടപടികളുടെ ഭാഗമായി ഇന്ന് രാവിലെ സനൽകുമാര്‍ ശശിധരൻ കോടതിയിൽ നേരിട്ട് ഹാജരായി. ആലുവ സിജെഎം കോടതിയിലാണ് ഹാജരായത്. നടിയെ ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് സനൽകുമാര്‍ ശശിധരനെതിരെ കേസെടുത്തത്.

ലുക്ക് ഔട്ട് സര്‍ക്കുലറിന്‍റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെച്ച സനല്‍കുമാറിനെ എളമക്കര പൊലീസ് മുംബൈയിലെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. താനും നടിയും തമ്മില്‍ പ്രണയത്തിലാണെന്നും പ്രണയം തകര്‍ക്കാന്‍ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുകയാണെന്നുമെല്ലാം എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് എത്തിക്കുമ്പോള്‍ സനല്‍ വിളിച്ചു പറഞ്ഞിരുന്നു. നടിയെ ശല്യം ചെയ്തെന്ന മറ്റൊരു കേസില്‍ സനല്‍കുമാര്‍ ശശിധരൻ ജാമ്യത്തിലാണ്. ഇതിനിടെയാണ് വീണ്ടും സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്.