രഞ്ജിത്തിനെ രക്ഷിക്കാന്‍ സിപിഎമ്മിലെ കോഴിക്കോടന്‍ ‘പവര്‍ ഗ്രൂപ്പ്’; ഇടതുപക്ഷ നടിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാത്തത് വിചിത്രം; അതൃപ്തി അറിയിച്ച് സിപിഎം നേതൃത്വം

Spread the love

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുക്കാത്തതില്‍ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി.
ആരോപണം വന്നപ്പോള്‍ തന്നെ രഞ്ജിത്തില്‍ നിന്നും രാജി എഴുതി വാങ്ങണമെന്ന അഭിപ്രായമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുള്ളത്. എന്നാല്‍ സിപിഎമ്മിലെ അതിശക്തരായ കോഴിക്കോട്ടെ ലോബിയുടെ പിന്തുണ രഞ്ജിത്തിനുണ്ട്.
അതുകൊണ്ട് തന്നെയാണ് രഞ്ജിത് സ്ഥാനത്ത് തുടരുന്നതും. ബംഗാളിലെ ഇടതുപക്ഷ സഹയാത്രികയാണ് ശ്രീലേഖ മിത്ര.
ഇങ്ങനെ സിപിഎമ്മിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന നടിയുടെ വാക്കുകളെ വിശ്വാസത്തിലെടുക്കണമെന്നാണ് സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റേയും ആവശ്യം.
രഞ്ജിത്ത് മോശമായി പെരുമാറി എന്ന് പേര് സഹിതം നടി തുറന്ന് പറഞ്ഞതോടെ ഉടന്‍ നടപടി എടുക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരുടേയും പേര് ഇല്ലാത്തത് കൊണ്ട് കേസെടുക്കാന്‍ നിയമ തടസം ഉണ്ടെന്നായിരുന്നു സാംസ്‌കാരിക മന്ത്രി അടക്കം പറഞ്ഞത്. നടി ശ്രീലേഖ മിത്ര പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതാണ് രഞ്ജിത്തിനും സര്‍ക്കാരിനും കുരുക്കായത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട് കഴിഞ്ഞു. എന്നാല്‍ രഞ്ജിത്തിനെ അനുകൂലിക്കുന്ന സിപിഎമ്മിലെ ‘പവര്‍ ഗ്രൂപ്പ്’ സമ്മര്‍ദ്ദം തുടരുകയാണ്. പഴയ ആരോപണങ്ങളില്‍ എങ്ങനെ നടപടി എടുക്കുമെന്നാണ് അവര്‍ ഉയര്‍ത്തുന്ന ചോദ്യം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രഞ്ജിത്തിനെ കോഴിക്കോട് മത്സരിപ്പിക്കാന്‍ സിപിഎമ്മിലെ പ്രബല വിഭാഗം കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍ ജില്ലാ കമ്മറ്റിയുടെ എതിര്‍പ്പ് കാരണം നടക്കാതെ പോയി. ഇതിന് പകരമായാണ് ചലച്ചിത്ര അക്കാദമിയില്‍ രഞ്ജിത്തിന് കസേര ഒരുക്കിയത്. സിനിമാ അവാര്‍ഡ് തര്‍ക്കത്തില്‍ അടക്കം അക്കാദമി വിവാദത്തിലായി. അപ്പോഴും രഞ്ജിത്തിന് സ്ഥാനം പോയില്ല. ഇതിനെല്ലാം കാരണം കോഴിക്കോട്ടെ സിപിഎം പവര്‍ ഗ്രൂപ്പായിരുന്നു. അവര്‍ ഇപ്പോഴും രഞ്ജിത്തിനെ രക്ഷിക്കാന്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും സജീവമാണ്. ഇതിന്റെ കരുത്തിലാണ് ഇരയെ കളിയാക്കുന്ന പ്രസ്താവന രഞ്ജിത് നടത്തുന്നതും. അതിനിടെ രഞ്ജിത്തിനെ മാറ്റണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഔദ്യോഗികമായി വയ്ക്കാന്‍ സിപിഎം നേതൃത്വം ആലോചിക്കുന്നുണ്ട്. ശ്രീലേഖാ മിത്ര സിപിഎം കേന്ദ്ര നേതൃത്വത്തിനും പരാതി കൊടുത്തേക്കും. അങ്ങനെ വന്നാല്‍ കോഴിക്കോടന്‍ പവര്‍ ഗ്രൂപ്പ് വെട്ടിലാകും.
2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.
അതേസമയം, ശ്രീലേഖ മിത്രയുടെ ആരോപണം രഞ്ജിത്ത് നിഷേധിച്ചു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദേശീയതലത്തില്‍ പ്രമുഖ നടിയാണ് ശ്രീലേഖ. ശ്രീലേഖയുടെ അഭിനയ മികവ് സിനിമാക്കാര്‍ക്കും അറിയാം. അത്തരമൊരു നടി ഓഡിയേഷനാണ് എത്തിയതെന്ന വാദവും വിചിത്രമായി. ഏത് വേഷവും മികച്ചതാക്കാനുള്ള കഴിവുള്ള നടിയാണ് ശ്രീലേഖ എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ നടിയുടെ വെളിപ്പെടുത്തലില്‍ വിശ്വാസത്യ കൂടുതലാണെന്ന് സിപിഎം വിലയിരുത്തുന്നു.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കേസ് എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും ആവശ്യപ്പെട്ടു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ വെട്ടിമാറ്റിയ സര്‍ക്കാര്‍ കുറ്റാരോപിതരായ ഉന്നതരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയ സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗമായും സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്ന മൂവര്‍ സംഘത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കണം. വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെടാതെ സര്‍ക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സിനിമാ മേഖലയിലെ പലരും തങ്ങള്‍ നേരിട്ട ദുരനുഭവം പരസ്യമായി പങ്കുവെച്ചു. എന്നാല്‍ അവര്‍ കാട്ടിയ തന്റേടം സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ പിണറായി സര്‍ക്കാരിന് ഇല്ലാത്തത് നാണക്കേടാണ്.
അവരുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.