സംവിധായകൻ ബാബു നാരായണൻ വിടവാങ്ങി ; യാത്രയായത്  അനിൽബാബു  സംവിധായക  കൂട്ടുകെട്ടിലെ ബാബു ;വിടപറഞ്ഞത് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

സംവിധായകൻ ബാബു നാരായണൻ വിടവാങ്ങി ; യാത്രയായത് അനിൽബാബു സംവിധായക കൂട്ടുകെട്ടിലെ ബാബു ;വിടപറഞ്ഞത് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

സ്വന്തം ലേഖിക

തൃശ്ശൂർ: മലയാള സിനിമാ സംവിധായകൻ ബാബു നാരായണൻ(59) അന്തരിച്ചു. ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അർബുദ രോഗത്തെ തുടർന്ന് ദീർഘകാലങ്ങളായി ചികിത്സയിലായിരുന്നു. 1989ൽ സംവിധാന രംഗത്ത് ചുവടുറപ്പിച്ച ബാബു നാരായൺ തൊണ്ണൂറുകളിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. ബാബു നാരായണൻ -അനിൽ കുമാർ കൂട്ടുക്കെട്ടിൽ (അനിൽ ബാബു) പിറവിയെടുത്ത ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടി. നെടുമുടി വേണു, പാർവതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ അനഘയായിരുന്നു ആദ്യ ചിത്രം.കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രങ്ങളാണ് ബാബു നാരായണൻ സംവിധാനം ചെയ്തത്. മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാൽ, പട്ടാഭിഷേകം, വെൽകം ടു കൊടൈകനാൽ, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമൻ തുടങ്ങിയ ചിത്രങ്ങൾ മികച്ച വിജയം നേടി.2013 ൽ പുറത്തിറങ്ങിയ നൂറ വിത്ത് ലൗവ് ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മംമ്ത മോഹൻദാസ്, കനിഹ, മുകേഷ്, കൃഷ് ജെ സത്താർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഹരിഹരന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്ര രംഗത്തേക്ക് കോഴിക്കോട്ട്കാരനായ ബാബു നാരായണൻ സിനിമയിലേക്ക് പ്രവേശിക്കുന്നത്. അന്ന് പി ആർ എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.പിന്നീട് സംവിധായകൻ അനിലുമായി സൗഹൃദത്തിലാകുകയും ഇരുവരും ഒന്നിച്ച് ചിത്രം സംവിധാനം ചെയ്യുകയും ചെയ്യുകയുമായിരുന്നു. 1992ൽ മാന്ത്രികചെപ്പിലൂടെ അനിൽ ബാബു എന്ന സംവിധായകജോടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. തൊണ്ണൂറുകളിൽ ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ ഇരുവരും ചേർന്നൊരുക്കി. 2004 ൽ ഇറങ്ങിയ പറയാം ആയിരുന്നു ആ ഇരട്ട സംവിധായക കൂട്ടുകെട്ടിലെ അവസാന ചിത്രം.സ്‌കൂൾ അദ്ധ്യാപികയായ ജ്യോതി ലക്ഷ്മിയാണ് ഭാര്യ, ലാൽ ജോസ് ചിത്രമായ തട്ടിൻപുറത്ത് അച്യുതനിലെ കുഞ്ചാക്കോ ബോബന്റെ നായികയായി വന്ന ശ്രാവണയും അസിസ്റ്റന്റ് ക്യാമറാമാൻ ദർശൻ എന്നിവരും മക്കളാണ്. മൃതദേഹം തൃശ്ശൂർ ചെമ്പുക്കാവിലെ വസതിയിൽ മൂന്നരമണി വരെ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തിൽ നടക്കും.