എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കാൻ ശ്രമം ; അടൂരിനെതിരെ പൊലീസില്‍ പരാതി നല്‍കി ദളിത്‌ ആക്ടിവിസ്റ്റ് ദിനു വെയിൽ

Spread the love

തിരുവനന്തപുരം : സിനിമാ കോണ്‍ക്ലേവില്‍ ദളിത് വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പരാതിയുമായി ആക്ടിവിസ്റ്റ് ദിനു വെയില്‍.

അടൂരിനെതിരെ ദിനു തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്‌സി/എസ്ടി കമ്മീഷനിലും പരാതി നല്‍കി. അടൂര്‍ തന്റെ പ്രസ്താവനയിലൂടെ എസ്‌സി/എസ്ടി വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്ന് ദിനു തന്റെ പരാതിയില്‍ പറയുന്നു.

എസ്‌സി/എസ്ടി വിഭാഗത്തില്‍ നിന്നുള്ളവര്‍ സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന പണം എടുത്തുകൊണ്ടുപോക എന്ന നിലയില്‍ ‘ടേക്ക് ദ മണി ആന്‍ഡ് റണ്‍’ എന്ന രീതിയില്‍ ചിത്രീകരിക്കുന്നത് എസ്‌സി/എസ്ടി സമൂഹത്തെ വഞ്ചന/ദുര്‍വൃത്തി/അഴിമതി എന്നിവയോട് ബന്ധിപ്പിക്കുന്നുവെന്ന് ദിനു പറയുന്നു. ഇതിലൂടെ മറ്റുള്ളവരുടെ മനസില്‍ എസ്‌സി/എസ്ടി സമൂഹത്തിനെതിരെ അനിഷ്ടം വളരാന്‍ സാധ്യതയുണ്ട്. അടൂരിന്റെ പ്രസ്താവനയില്‍ ഇത് പൊതു ഫണ്ടാണെന്നും അവരെ പറഞ്ഞു മനസിലാക്കണമെന്നും പറയുന്നുണ്ട്. ഇതിന് പുറമേ ‘അവര്‍ വിചാരിച്ചിരിക്കുന്നത് ഈ പണം എടുത്തു തരും, അത് എടുത്തു കൊണ്ടുപോയി പടം എടുക്കാം’ എന്നും ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പറയുന്നതിലൂടെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തെ അറിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായി ചിത്രീകരിക്കുന്നുവെന്നും ദിനു ചൂണ്ടിക്കാട്ടുന്നു. ഇത് സെക്ഷന്‍ 3(1)(ആര്‍) പ്രകാരമുള്ള ഇന്റന്‍ഷണല്‍ ഹുമിലിയേഷനാണ്. വ്യക്തിപരമായി ഒരാളെ ലക്ഷ്യംവെക്കാത്തെങ്കിലും, പ്രസ്തുത വേദിയില്‍ ഉണ്ടായിരുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെയും പ്രസ്തുത ഫണ്ടിന് നാളിതുവരെ അപേക്ഷിച്ച പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകളെയും സമൂഹ മാധ്യമങ്ങളും ടിവി ചാനലും വഴി ഇത് പ്രക്ഷേപണം ചെയ്തതുവഴി ഇത് കാണുന്ന താനടങ്ങുന്ന എസ്‌സി/എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെയും അടൂരിന്റെ പ്രസ്താവന അപമാനിക്കുന്നുവെന്നും ദിനു കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാ കോണ്‍ക്ലേവിന്റെ അവസാന ദിനമായ ഇന്നലെയായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുമായി ബന്ധപ്പെട്ടായിരുന്നു അടൂര്‍ നിലപാട് പറഞ്ഞത്. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്ന് അടൂര്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ദരുടെ പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. കൂടുതല്‍ സിനിമകള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്നും അതൊരു തെറ്റായി താന്‍ കാണുന്നില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വേദിയില്‍ വെച്ചുതന്നെ അടൂരിന് മറുപടി നല്‍കി.

കൂടുതല്‍ പണം നല്‍കുമ്പോള്‍ ലാഭം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പട്ടിക ജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് 98 വര്‍ഷമായിട്ടും സിനിമയില്‍ മുഖ്യധാരയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ക്ക് സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്കും അതേ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അടൂരിന്റെ നിലപാടിനെതിരെ ഗായികയും സംഗീത, നാടക അക്കാദമി ഉപാധ്യക്ഷയുമായ പുഷ്പവതി പൊയ്പ്പാടത്ത്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, സംവിധായകന്‍ ഡോ. ബിജു, ആക്ടിവിസ്റ്റ് ടി എസ് ശ്യാംകുമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.