
കുമളി: ഡിണ്ടിഗൽ -ലോവർ ക്യാംപ് റെയിൽപാത പദ്ധതിക്ക് വീണ്ടും സാധ്യതയേറി.
പദ്ധതിയുടെ സർവേയും വിശദ പഠന റിപ്പോർട്ട് തയാറാക്കാനുള്ള അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ തേനി എംപി തങ്കതമിഴ് സെൽവത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
2012-ൽ ഡിണ്ടിഗൽ -ലോവർ ക്യാംപ് പാതയുടെ സർവേ നടപടികൾക്ക് അന്നത്തെ കേന്ദ്ര സർക്കാർ അനുമതി നൽകിയതാണ്. 860 കോടി രൂപയാണ് അന്ന് പദ്ധതിയുടെ ചെലവായി കണക്കാക്കിയിരുന്നത്. എന്നാൽ പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർ.ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള സമരങ്ങളിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് ഭാരവാഹികളും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിനിധികളും പല തവണ പങ്കെടുത്തു. ഇടുക്കിയിലെ ടൂറിസം, വാണിജ്യ മേഖലയ്ക്ക് ഈ റെയിൽ പാത ഏറെ ഗുണകരമാകുമെന്നതിനാലാണ് ഇടുക്കിയിലെ വ്യാപാരികളും രംഗത്തിറങ്ങിയത്.
ഹൈക്കോടതിയിൽ ഹർജികൾക്ക് പുറമേ നിരാഹാര സമരങ്ങൾ, പദയാത്രകൾ, ഒരു ലക്ഷം പേരുടെ ഒപ്പുശേഖരണം, പ്രകടനങ്ങൾ, മോട്ടർ സൈക്കിൾ റാലികൾ തുടങ്ങി വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾ വിവിധ സ്ഥലങ്ങളിൽ ഈ സംഘടനയുടെ നേതൃത്വത്തിൽ നടന്നു.
ഡിണ്ടിഗൽ-ശബരിമല റെയിൽപാത എന്നതാണ് സംഘടനയുടെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ കുമളിക്ക് സമീപം ലോവർ ക്യാംപ് വരെയുള്ള പാത പൂർത്തീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം. സംഘടനാ ഭാരവാഹികൾ തേനി എംപിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിച്ചതോടെയാണ് ഇതിന് ഇപ്പോൾ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.



