ഡിമെന്‍ഷ്യ സൗഹൃദ കൊച്ചിക്ക് സമൂഹ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനവുമായി ഉദ്‌ബോധ് 2019 സമാപിച്ചു

ഡിമെന്‍ഷ്യ സൗഹൃദ കൊച്ചിക്ക് സമൂഹ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനവുമായി ഉദ്‌ബോധ് 2019 സമാപിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയെ ഡിമെന്‍ഷ്യ സൗഹൃദ നഗരമാക്കുന്നതില്‍ സമൂഹ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനത്തോടെ കുസാറ്റില്‍ കഴി്ഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന രാജ്യാന്തര സമ്മേളനം ഉദ്‌ബോധ് 2019 സമാപിച്ചു.

ഇതിന്റെ ഭാഗമായി അടുത്ത ആറ് മാസം അല്‍സൈമേഴ്‌സ് രോഗത്തെക്കുറിച്ച് സമൂഹാവബോധം സൃഷ്ടിക്കാനും ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുയിടങ്ങളും കേന്ദ്രീകരിച്ച് മെമ്മറി ക്ലിനിക്ക്, മെമ്മറി കഫേ, റോഡ്‌ഷോ, പോസ്റ്റര്‍-ചിത്ര പ്രദര്‍ശനം, മെമ്മറി കിയോസ്‌ക്, തെരുവുനാടകം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി നഗരത്തെ ഇന്ത്യയിലെ തന്നെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ സമൂഹമാക്കുകയെന്ന ലക്ഷ്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സസിന്റെ ഉദ്യമമായ പ്രജ്ഞയും സംയുക്തമായാണ് ‘ഉദ്‌ബോധ്’ സംഘടിപ്പിച്ചത്.

മറവിരോഗ പരിപാലനത്തിനും രോഗികളുടെ കൂട്ടിരിപ്പുകാരുടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വ്യക്തമായ നയരേഖയുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമാപന ദിവസം മറവിരോഗത്തിന്റെ സാമൂഹ്യ വീക്ഷണത്തെക്കുറിച്ച് നടന്ന പ്രഭാഷണത്തില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു.

കാര്യക്ഷമമായ പരിപാലനത്തിലൂടെ അല്‍സൈമേഴ്‌സ് ഉള്‍പ്പെടെയുള്ള മറവിരോഗം ബാധിച്ചവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ഡല്‍ഹി ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തിലെ പ്രൊഫസര്‍ സംഗമിത്ര ആചാര്യ അഭിപ്രായപ്പെട്ടു.

അതോടൊപ്പം തന്നെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ കൗണ്‍സിലിങ്ങിനോടൊപ്പം അവര്‍ നേരിടുന്ന സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതും അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. ഇതിനായി സര്‍ക്കാരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും ചേര്‍ന്ന് വ്യക്തമായ നയരേഖയുണ്ടാക്കണമെന്നും പ്രൊഫ. സംഗമിത്ര ആവശ്യപ്പെട്ടു.

അല്‍സൈമേഴ്‌സ് ഉള്‍പ്പെടെയുള്ള മറവിരോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അവ സമൂഹത്തിന്റെ താഴെത്തട്ടില്‍ വരെ എത്തിക്കുകയും ചെയ്യേണ്ടതുണ്ട്. താളെത്തട്ടിലുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് സിനിമ പോലുള്ള മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും പ്രൊഫ. സംഗമിത്ര പറഞ്ഞു.

സ്‌നേഹം, അനുകമ്പ, കരുതല്‍ എന്നിവയിലൂടെ മറവിരോഗ ബാധിതരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകുമെന്ന് പുഷ്പഗിരി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും സൈക്യാട്രി വിഭാഗം മേധാവിയുമായ ഡോ. റോയ് കള്ളിവയലില്‍ പറഞ്ഞു. ഇതിനായി സമൂഹത്തില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനിറ്റിക് മെഡിസിനിലെ സ്‌കോളര്‍ ഇന്‍ റസിഡന്‍സ് നില്‍സ് ഡിമോള്‍ വാന്‍ ഓട്ടര്‍ലൂ, തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എസ്. ഗോപകുമാര്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേച്ചറോപ്പതി മുന്‍ ഡയറക്ടര്‍ ഡോ. ബാബു ജോസഫ്, കോട്ടക്കല്‍ ഗവ. ആയുര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഡിസീസസ് സൂപ്രണ്ട് ഡോ. പാര്‍വതീദേവി, കെല്‍സ പ്രതിനിധി ഡോ. പ്രദീപ് കെ.പി, കോട്ടയം ഗവ. നേഴ്‌സിങ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഉഷ വി.കെ, അമല നേഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജി രഘുനാഥ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സ്മിത തുടങ്ങിയവരും സംസാരിച്ചു.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം), എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിറ്റിപിസി), കേരള ആരോഗ്യ സര്‍വകലാശാല (കെയുഎച്ച്എസ്), കൊച്ചി നഗരസഭ, എഡ്രാക്, ഐഎംഎ എറണാകുളം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ), അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണല്‍ (എഡിഐ), അല്‍ഷിമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ, കൊച്ചി ചാപ്റ്റര്‍ (എആര്‍ഡിഎസ്‌ഐ), മാജിക്സ് (മാനേജിങ് ആന്‍ഡ് ജനറേറ്റിംഗ് ഇന്നോവഷന്‍സ് ഫോര്‍ കമ്മ്യൂണിറ്റി സര്‍വീസസ്) തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഉദ്‌ബോധ് 2019 സംഘടിപ്പിച്ചത്.