ദില്ലിയിൽ കനത്ത മഴ; നഗരപ്രദേശങ്ങളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Spread the love

ദില്ലിയില്‍  തുടർച്ചയായുള്ള മഴയിൽ  നഗരത്തിലെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ശക്തമായുള്ള മഴയെ തുടരുന്നതിനാൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വൈദ്യുതി വിതരണത്തിലും റെയില്‍, വ്യോമ ഗതാഗത സേവനങ്ങളിലും തടസമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മഴയെ തുടർന്ന് ദില്ലിയിലെ താപനില 21.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. ഇത് സാധാരണ താപനിലയേക്കാള്‍ നാല് ഡിഗ്രി കുറവാണ്. കനത്ത മഴ മൂലം ലാലാ ലജ്പത് റായ് റോഡ്, കല്‍ക്കാജിയില്‍ നിന്ന് ഡിഫൻസ് കോളനിയിലേക്കുള്ള റോഡ്, മെയിൻ കാഞ്ചവാല റോഡ്, ബുദ്ധ് വിഹാറില്‍ നിന്ന് പുത് ഖുർദിലേക്കുള്ള റോഡ്, ഔട്ടർ റിങ് റോഡ്, രോഹ്തക് റോഡ്, നംഗ്ലോയില്‍ നിന്ന് തിക്രി ബോർഡറിലേക്കുള്ള റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം പൂർണ്ണമായും  തടസ്സപ്പെട്ടു. ഈ പ്രദേശങ്ങളില്‍ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ബദല്‍ മാർഗങ്ങള്‍ തേടണമെന്നും ദില്ലി ട്രാഫിക് പൊലീസ് അറിയിച്ചിട്ടുണ്ട്.