
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടതോടെ കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ ഉയരുന്നു.
‘ഒരു ഗൂഢാലോചനയും നടന്നിട്ടില്ല’ എന്ന തരത്തില്‍ അല്ലെങ്കില്‍ ദിലീപിനെതിരെ തെളിവില്ല എന്ന കോടതിയുടെ കണ്ടെത്തല്‍ പുറത്തുവരുമ്പോള്‍, പിന്നെ ആര്‍ക്കുവേണ്ടിയാണ് പള്‍സര്‍ സുനി ഈ ക്വട്ടേഷന്‍ നടപ്പിലാക്കിയത് എന്ന ചോദ്യമാണ് ശക്തമാകുന്നത്. വിശദ വിധി വരുമ്പോള്‍ മാത്രമേ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരൂ.
കേസില്‍ നാല് ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പോലീസ് കണ്ടെത്തിയ നാല് ഗൂഢാലോചനകള്‍ ഇവയാണ്. കാവ്യയുമായുള്ള ബന്ധം മഞ്ജു വാര്യരുടെ സുഹൃത്തായ അതിജീവിത ഒറ്റിക്കൊടുത്തതിനെത്തുടര്‍ന്ന് ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് കൊട്ടേഷന്‍ നടപ്പിലാക്കാന്‍ പള്‍സര്‍ സുനിയും മറ്റു പ്രതികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന. മൂന്ന് കൊട്ടേഷന്‍ തുക ലഭിക്കാതെ വന്നപ്പോള്‍ ജയിലിനുള്ളില്‍ പള്‍സര്‍ സുനി നടത്തിയ ഗൂഢാലോചന.
നാല് കുറ്റകൃത്യത്തിനുശേഷം തെളിവ് നശിപ്പിക്കാന്‍ ദിലീപ് നടത്തിയ ഗൂഢാലോചന. ദിലീപുമായി ബന്ധപ്പെട്ട ആദ്യ ഗൂഢാലോചന കോടതി തള്ളിക്കളഞ്ഞതോടെ, അതിന്റെ തുടര്‍ച്ചയായ മറ്റ് ഗൂഢാലോചനകളും അപ്രസക്തമായി. ഇതിനിടെ ഉത്തരം കിട്ടാത്ത പ്രധാന ചോദ്യങ്ങള്‍ ഏറെയുണ്ട്.
2012-നും ആക്രമണം നടന്ന 2017-നും ഇടയിലെ അഞ്ചുവര്‍ഷത്തെ ഇടവേള എന്തിനായിരുന്നു എന്നതാണ് പ്രധാനം.
കാവ്യയുമായുള്ള ബന്ധം കാരണം ദിലീപിന്റെ വിവാഹബന്ധം തകര്‍ന്നെങ്കില്‍, പിന്നീട് കാവ്യയെ വിവാഹം കഴിക്കാന്‍ കഴിഞ്ഞ സ്ഥിതിക്ക് ദിലീപ് എന്തിന് ഒരു ഗൂഢാലോചനയ്ക്ക് മുതിരണമെന്നതും നിര്‍ണ്ണായകമാണ്.
ഒരു കോടി രൂപ വാഗ്ദാനം ചെയ്ത ദിലീപ് എന്തുകൊണ്ടാണ് പള്‍സര്‍ സുനിക്ക് പണം നല്‍കാതിരുന്നത്? പണം ലഭിക്കാതെ വന്നാല്‍ സുനി പിണങ്ങുമെന്ന് അറിയാമല്ലോ? ഈ അഞ്ചുവര്‍ഷത്തിനിടയില്‍ ദിലീപും പള്‍സര്‍ സുനിയും നാലുതവണ മാത്രമേ ബന്ധപ്പെട്ടതായി അന്വേഷണസംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ഇതില്‍ അസ്വാഭാവികതയുണ്ടെന്ന സംശയവും ശക്തം. ഈ തിയറികളാണ് ദിലീപിന് തുണയായി മാറുന്നത്.
അതിജീവിതയുടെ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ തന്നെ ക്വട്ടേഷന്‍ നല്‍കിയത് ലാല്‍ അടങ്ങിയ ഒരു സംഘമാണ് എന്നും, ദിലീപിനെതിരെ ബോധപൂര്‍വ്വം ഒരു ‘സീന്‍’ ഉണ്ടാക്കുകയായിരുന്നു എന്നും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
മറ്റൊരു തിയറി ഇങ്ങനെയാണ്-വിവരം ഒറ്റിക്കൊടുത്തതില്‍ കലിപ്പുണ്ടായിരുന്നത് കാവ്യ മാധവനാണ്. പോലീസ് കാവ്യയെ പ്രതിയാക്കാന്‍ മടി കാണിച്ചതിനാലാണ് കേസ് പൊളിഞ്ഞതെന്നും ഒരു കൂട്ടര്‍ വിശ്വസിക്കുന്നു.
ബന്ധം തകര്‍ന്നതല്ല, മറിച്ച് ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ അതിജീവിതയുടെ പേരിലായിരുന്നു. അത് തിരികെ നല്‍കാതിരുന്നപ്പോള്‍ അവളെ ‘വിരട്ടാന്‍’ ദിലീപ് സുനിയെ ചുമതലപ്പെടുത്തി. എന്നാല്‍ സുനി അത് ബലാത്സംഗമാക്കി മാറ്റി എന്നാണ് മൂന്നാമത്തെ തിയറി.
തെളിവുകളും കിട്ടിയില്ല. കേസിലെ ഏറ്റവും നിര്‍ണ്ണായകമായ ചോദ്യം പള്‍സര്‍ സുനിയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ആരാണ് എന്നതാണ്. നിരവധി തവണ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യാപേക്ഷ നല്‍കാന്‍ സുനിക്ക് പണം ലഭിച്ചത് എവിടെ നിന്നാണ് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിക്കൂ എന്നതാണ് വസ്തുത.



