നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ദിലീപിന് നൽകരുത്; സർക്കാർ സുപ്രീംകോടതിയിൽ
സ്വന്തം ലേഖകൻ
ദില്ലി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് തൊണ്ടിമുതലാണെന്നും അത് ദിലീപിന് നൽകരുതെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ എല്ലാം വ്യക്തമാക്കി സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ദൃശ്യങ്ങൾ ദിലീപിന് നൽകിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തെളിവുനിയമപ്രകാരമുളള രേഖയായി മെമ്മറി കാർഡിനെ കണക്കാക്കാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. മെമ്മറി കാർഡ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിക്കെതിരെയാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
നടിയെ ആക്രമിച്ച കേസിൽ നിരപരാധിത്വം തെളിയിക്കാൻ വീഡിയോയിലെ സംഭാഷണങ്ങൾ സഹായിക്കുമെന്ന് നടന്റെ പ്രധാന വാദങ്ങൾ. എന്നാൽ, ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന ദിലീപിന്റെ ആരോപണം നടിയെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്നും സർക്കാർ കോടതിയെ അറിയിച്ചു. കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. എന്നാൽ നടിയെ ആക്രമിച്ച് നീലച്ചിത്രം പകർത്താനാണ് പ്രതികൾ ശ്രമിച്ചതെന്ന് പ്രോസിക്യൂഷന്റെ വാദം. ഇത് പുറത്ത് വന്നാൽ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group