
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ.
ദിലീപിന്റെ പെട്ടന്നുളള ഉയര്‍ച്ചയില്‍ ഒരുപാട് ശത്രുക്കളുണ്ടായിരുന്നെന്നും കേസിൽ പല തിരിമറികളും നടന്നതായി സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. നടി നടന്മാരുടെ സംഘടന ചേർന്ന് ഈ സംഭവത്തെ അപലപിച്ച സമയത്ത് ആദ്യമായി ഒരാള്‍ ഒരു ഗൂഢാലോചനയുണ്ടെന്ന് പറയുകയും പെട്ടെന്ന് ഒരു ദിവസം പത്രങ്ങളിലൂടെ ദിലീപ് എന്ന നടന്റെ പേര് കേള്‍ക്കുകയും ചെയ്തു. ഇങ്ങനെയൊരാള്‍ ചെയ്യോ എന്ന് സംശയമുണ്ടായിരുന്നെന്നും അവര്‍ വെളിപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുന്‍ ഡിജിപി ഇക്കാര്യം വെളിപ്പെടുത്തിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്ന സമയത്ത് തനിക്ക് പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ പറയേണ്ട സ്ഥലങ്ങളില്‍ താന്‍ ഇക്കാര്യം പറഞ്ഞിരുന്നെന്നും ശ്രീലേഖ പറയുന്നു. കേസില്‍ പ്രതിയായ പള്‍സര്‍ സുനി മറ്റു ചില നടിമാരെയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ വെളിപ്പെടുത്തി.
തന്നോട് ചില നടിമാര്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇവരോട് പരാതിപ്പെടാതിരുന്നതിനെതിരെ താന്‍ ചൂടായെന്നും എന്നാല്‍ കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റില്‍ ചെയ്തതെന്ന് നടിമാര്‍ പറഞ്ഞതായും ശ്രീലേഖ പറഞ്ഞു.
പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയത് ഒരു പോലീസുകാരനാണെന്ന് സംശയമുള്ളതായും അവര്‍ ആരോപിച്ചു. നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാന്‍ ജയില്‍ വകുപ്പ് ഡിജിപിയായിരുന്നു. എനിക്ക് വളരെ അടുപ്പമുളള നടിമാര്‍ പള്‍സര്‍ സുനിയെ പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്തതായി അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോള്‍ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ മാനഹാനി തനിക്കാണെന്നുമുളളതു കൊണ്ടും കാശ് കൊടുത്ത് സെറ്റില്‍ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് ശ്രീലേഖ പറഞ്ഞത്.
പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്ത സമയം തന്നെ ഇത് ആരെങ്കിലും ചെയ്യിച്ചതാണെന്ന് പറയുമായിരുന്നെന്നും എന്നാല്‍ അന്ന് അത്തരത്തില്‍ ഒന്നും പറഞ്ഞിരുന്നില്ലെന്നും ശ്രീലേഖ വീഡിയോയില്‍ പറയുന്നു. പള്‍സര്‍ സുനി കിടന്ന ജയിലിലെ എല്ലാ സെല്ലുകളിലും ക്യാമറയുണ്ട്. അതില്‍ പള്‍സര്‍ സുനി ഫോണില്‍ സംസാരിക്കുന്ന ദൃശ്യമുണ്ടായിരുന്നു. അവനേയും അവന്റെ കൂട്ടുകാരേയും കോടതിയില്‍ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നവരില്‍ ഒരു പൊലീസുകാരന്‍ പള്‍സര്‍ സുനിയോട് രഹസ്യമായി സംസാരിക്കുകയും എന്തോ കൈമാറുന്നത് പോലെ നടന്നുവെന്ന് സംശയിക്കുന്നത് പോലെയുളള വീഡിയോ കിട്ടിയിരുന്നു. ആ പൊലീസുകാരനാണ് ഈ ഫോണ്‍ കൊടുത്തത് എന്ന സംശയത്തിലാണ് പൊലീസ്. ഇതിനെപ്പറ്റിയുളള റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. താന്‍ ഇക്കാര്യം കാണിച്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും അവര്‍ പറഞ്ഞു.
ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് ഒരു കത്ത് എഴുതി എന്ന രേഖ പുറത്ത് വന്നു. സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങള്‍ അതിനകത്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാല്‍ മതി. അത്യാവശ്യമായിട്ട് എനിക്ക് മുന്നൂറ് രൂപ അയച്ചുതരണം മണി ഓര്‍ഡറായിട്ട്. എന്നൊക്കെയാണ് അതിനകത്ത് എഴുതിയിരിക്കുന്നത്. അതില്‍ ഭയങ്കരമായിട്ട് പടര്‍ന്നിരിക്കുന്ന കഥ ഒന്നര രൂപ കോടിയുടെ ക്വട്ടേഷനാണ് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്ബ് 2012ലോ 2013ലോ ആണ് ഏല്‍പ്പിച്ചിരുന്നത് ഇവനെ. സമയമൊത്ത് വന്നപ്പോള്‍ ക്വട്ടേഷന്‍ നടത്തുകയും പതിനയ്യായിരം രൂപ അയാള്‍ക്ക് അഡ്വാന്‍സായി നല്‍കിയെന്നുമായിരുന്നു. ഒന്നരക്കോടിക്ക് ക്വട്ടേഷന്‍ എടുത്ത ആളാണ് മുന്നൂറ് രൂപ ചോദിച്ച് കത്തയക്കുന്നതെന്നും ശ്രീലേഖ വീഡിയോയില്‍ പറഞ്ഞു.