ഉച്ചയ്ക്ക് 1.30 ന് ലഞ്ച് ബ്രേക്ക്; ക്രൈംബ്രാഞ്ച് ഓഫീസ് മെസില്‍ നിന്ന് വെജിറ്റേറിയന്‍ ഊണ്; അഞ്ചുപേരും ഭക്ഷണം കഴിച്ചതും വെവ്വേറെ മുറികളില്‍ ഇരുന്ന്; രാത്രി 8 മണിയോടെ പുറത്തിറങ്ങിയപ്പോള്‍ ദിലീപിന്റെ മുഖത്ത്‌ നിരാശ; ചോദ്യം ചെയ്യലിന് ശേഷം മൂന്നുപേരുടെയും ഫോണ്‍ പിടിച്ചെടുത്തു; മറുപടികൾ പലതും അവ്യക്തം

ഉച്ചയ്ക്ക് 1.30 ന് ലഞ്ച് ബ്രേക്ക്; ക്രൈംബ്രാഞ്ച് ഓഫീസ് മെസില്‍ നിന്ന് വെജിറ്റേറിയന്‍ ഊണ്; അഞ്ചുപേരും ഭക്ഷണം കഴിച്ചതും വെവ്വേറെ മുറികളില്‍ ഇരുന്ന്; രാത്രി 8 മണിയോടെ പുറത്തിറങ്ങിയപ്പോള്‍ ദിലീപിന്റെ മുഖത്ത്‌ നിരാശ; ചോദ്യം ചെയ്യലിന് ശേഷം മൂന്നുപേരുടെയും ഫോണ്‍ പിടിച്ചെടുത്തു; മറുപടികൾ പലതും അവ്യക്തം

സ്വന്തം ലേഖിക

കൊച്ചി: ഗൂഢാലോചന കേസിലെ ദിലീപിന്റെയും കൂട്ടാളികളുടെയും ആദ്യ ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി.

ഞായറാഴ്ച്ച രാത്രി 7.30 ന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി. മൊഴികള്‍ വായിച്ചു നോക്കി 8 മണിയോടെ പുറത്തിറങ്ങി. ആദ്യം ഡ്രൈവര്‍ പുറത്തിറങ്ങി. പിന്നാലെ സഹോദര ഭര്‍ത്താവും സംഘവും. കാര്‍ ക്രൈംബ്രാഞ്ച് ഓഫീസിനോട് ചേര്‍ത്ത് നിര്‍ത്തിയ ശേഷമാണ് ഒടുവില്‍ ദിലീപ് പുറത്തിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടന്‍ ഏറെ ക്ഷീണിതനായിരുന്നു. മുഖത്ത് കടുത്ത നിരാശ തോന്നിച്ചു. നേരെ ആലുവയിലെ വീട്ടിലേക്കാണ് ദിലീപും കൂട്ടാളികളും കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് മടങ്ങിയത്. ചോദ്യം ചെയ്യലിന് ശേഷം മൂന്നുപേരുടെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങള്‍ക്കും ദിലീപ് പൂര്‍ണ തൃപ്തികരമായ മറുപടി നല്‍കിയില്ല. ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയപ്പോള്‍, ചിലതിന് അവ്യക്തമായ മറുപടികളായിരുന്നു എന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഉച്ചയ്ക്ക് 1.30 നാണ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്. ചോദ്യം ചെയ്യല്‍ പോലെ തന്നെ വെവ്വേറെ മുറികളിലായിരുന്നു ഉച്ചഭക്ഷണവും. ക്രൈംബ്രാഞ്ച് ഓഫീസിലെ മെസില്‍ നിന്നായിരുന്നു വെജിറ്റേറിയന്‍ ഊണ്. അഞ്ച് പേരുടെയും ചോദ്യം ചെയ്യലിന് സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കിയത്. ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രന്റെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഒരു മണിക്കൂര്‍ എഡിജിപി ശ്രീജിത്തും ദിലീപിനെ ചോദ്യം ചെയ്തു. ദിലീപും കൂട്ടാളികളും ചോദ്യം ചെയ്യലിനോട് സഹകരിച്ചുവെന്നാണ് എസ്‌പി മാധ്യമങ്ങളെ അറിയിച്ചത്. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉള്ളതുകൊണ്ട് ചോദ്യം ചെയ്യല്‍ നാളെയും തുടരും.

മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂയെന്നാണ് എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ആവശ്യത്തിന് തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യും. കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശ്രീജിത്ത് അറിയിച്ചിരുന്നു.

അതേസമയം, താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നാണ് ദിലീപ് നല്‍കിയ മൊഴി. കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തതുകൊണ്ടായിരുന്നു അതെന്നും ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു. ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്.

കേസില്‍ തുടരന്വേഷണം ആവശ്യമില്ല. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിനായാണ് സര്‍ക്കാര്‍ സമയം തേടുന്നതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. ഇന്ന് സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.