
സ്വന്തം ലേഖിക
കൊച്ചി: വധഗൂഢാലോചനാ കേസിലെ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഈ വര്‍ഷം ജനുവരി 29 , 30 തീയ്യതികളില്‍ മുംബെയിലെ ലാബിലെത്തിച്ച് ഫോണിലെ ചില വിവരങ്ങള്‍ മായ്ച്ച് കളയുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ നശിപ്പിക്കപ്പെട്ട വിവരങ്ങളുടെ മിറര്‍ ഇമേജ് വീണ്ടെടുക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. വധഗൂഢാലോചനാ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ആറ് ഐ ഫോണുകളാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനയിലാണ് ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ചിന് വ്യക്തമായത്.
ജനുവരി 29, 30 തീയതികളിലായാണ് ഫോണുകളിലെ ചില ഡേറ്റുകള്‍ നീക്കം ചെയ്തത് എന്ന് പരിശോധനയില്‍ വ്യക്തമായി. ജനുവരി 29നായിരുന്നു ഫോണുകള്‍ പരിശോധനയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ജനുവരി 31ന് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായി മുംബൈയിലെ ലാബില്‍ എത്തിച്ച് കൃത്രിമം നടത്തുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
മുംബൈയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ലാബ് സിസ്റ്റസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബിലെ ഡയറക്ടര്‍ ജീവനക്കാര്‍ എന്നിവരെ ചോദ്യം ചെയ്തു. നാല് ഫോണുകള്‍ കൊറിയര്‍ ആയി അയച്ചു നല്‍കുകയായിരുന്നു എന്ന് ജീവനക്കാര്‍ മൊഴി നല്‍കി. ഇതില്‍ രണ്ടു ഫോണുകള്‍ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയത് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
അതേസമയം ഫോണുകളിലെ നശിപ്പിക്കപ്പെട്ട വിവരങ്ങളില്‍ ഭൂരിഭാഗവും വീണ്ടെടുക്കാനായി.
നശിപ്പിച്ച വിവരങ്ങളുടെ മിറര്‍ ഇമേജ് ആണ് ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് അന്വേഷണ സംഘം വീണ്ടെടുത്തത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അന്വേഷണസംഘം തുടര്‍ നടപടികളിലേക്ക് കടക്കും.
തെളിവുകള്‍ നശിപ്പിക്കരുതെന്ന ഉപാധിയോടെയായിരുന്നു പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചതായി ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞാല്‍ ദിലീപിന് അത് തിരിച്ചടിയാകും .