
തിരുവനന്തപുരം: നൂറ് ശതമാനം നേട്ടം കൈവരിച്ച സാക്ഷരതയ്ക്കും ഡിജിറ്റല്‍ സാക്ഷരതയ്ക്കും ശേഷം തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്ന പുതിയ ‘സ്മാര്‍ട്ട്’ (ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ഡിജിറ്റല്‍ സ്‌കില്‍ കോഴ്സ്) പദ്ധതിയുമായി സംസ്ഥാന സാക്ഷരത മിഷന്‍.
തുല്യത പഠിതാക്കള്‍ക്ക് ഓഫീസ് മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ എന്നിവയില്‍ പ്രവീണ്യം നേടി തൊഴില്‍ നേടാന്‍ പര്യാപ്തമാക്കുന്ന കോഴ്സില്‍ എല്ലാവര്‍ക്കും ചേരാം. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സ് സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് വയനാട് ജില്ലയിലാണ്.
സ്മാര്‍ട്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം 25 ന് വയനാട് കണിയാമ്പറ്റ മില്ല് മുക്കിലെ ജില്ലാ പഞ്ചായത്ത് പരിശീലന കേന്ദ്രത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലകളിലും തൊഴില്‍ നേടുന്നതിനാവശ്യമായ കമ്പ്യൂട്ടര്‍ പരിജ്ഞാനവും മാനേജ്മെന്റ് പരിശീലനവും ലക്ഷ്യമിട്ടാണ് പദ്ധതി. പി എസ് സി അംഗീകരിച്ച കോഴ്സില്‍ ചേരാനുള്ള യോഗ്യത പത്താം തരം ജയവും 17 വയസുമാണ്. ഉയര്‍ന്ന പ്രായപരിധിയില്ല.
പഠിതാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിനും പ്ലേസ്മെന്റിനും സൗകര്യമുണ്ട്. 6500 രൂപയാണ് കോഴ്സ് ഫീ. സാക്ഷരത പഠിതാക്കള്‍ക്ക് 5000 രൂപ മതി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഫീസ് വേണ്ട. തുല്യത പഠിതാക്കളുടെ തൊഴില്‍ പരിശീലന ആവശ്യങ്ങള്‍ പരിഗണിച്ചാണ് പദ്ധതി രൂപകല്പന ചെയ്തത്.