ഡിജിറ്റല്‍ അറസ്റ്റിന്‍റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് ; ആദ്യം കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനെന്ന വ്യാജേന ; തുടർന്ന് മുംബൈ സൈബര്‍ പൊലീസ് എന്ന വ്യാജേന തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപ ; പക്ഷേ തുക കൈപ്പറ്റിയ ബാങ്ക് അക്കൗണ്ട് കുടിക്കി ; തട്ടിയ സംഘത്തിലെ പ്രധാന കണ്ണിയെ വലയിലാക്കി സൈബര്‍ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിന്‍റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തിലെ ഒരു മലയാളി കൂടി കൊച്ചിയില്‍ അറസ്റ്റിലായി. മുംബൈ സൈബര്‍ പൊലീസ് എന്ന വ്യാജേന തേവര സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയ സംഘത്തിലെ പ്രധാന കണ്ണിയെ ആണ് കൊച്ചി സൈബര്‍ പൊലീസ് വലയിലാക്കിയത്.

കോഴിക്കോട് കൊടുവളളി കൊയ്തപറമ്പില്‍ ജാഫര്‍ എന്ന 27കാരനാണ് പിടിയിലായത്. തേവര സ്വദേശിയില്‍ നിന്ന് ജാഫറടങ്ങുന്ന സംഘം അഞ്ചു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനെന്ന വ്യാജേനയാണ് തട്ടിപ്പു സംഘം ആദ്യം പരാതിക്കാരനെ ബന്ധപ്പെട്ടത്. തേവര സ്വദേശിയായ പരാതിക്കാരന്‍റെ പേരില്‍ ചൈനയിലെ ഷാങ്ഹായിലേക്ക് എടിഎം കാര്‍ഡും ലാപ്ടോപ്പും ലഹരി മരുന്നായ എംഡിഎംഎയും പണവും നിയമവിരുദ്ധമായി അയച്ചു കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരന്‍ ആശയക്കുഴപ്പത്തിലായി നില്‍ക്കേ മുംബൈ സൈബര്‍ പൊലീസ് എന്ന് പറഞ്ഞ് വീണ്ടും വിളിച്ച് ഭീഷണി മുഴക്കി. സിബിഐ കേസ് എടുത്തെന്നു പറഞ്ഞായിരുന്നു ഭീഷണി. പരാതിക്കാരന്‍റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കോടതി പരിശോധനകള്‍ക്ക് അഞ്ച് ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും വീഡിയോ കോളിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തി.

ഭയന്നു പോയ പരാതിക്കാരന്‍ പണം കൈമാറി. പിന്നീടാണ് തട്ടിപ്പിനെ കുറിച്ച് മനസിലാക്കിയത്. തട്ടിപ്പു സംഘം ജാഫറിന്‍റെ അക്കൗണ്ട് ഉപയോഗിച്ചാണ് പണം സ്വന്തമാക്കിയതെന്ന് പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ കൊടുവളളി സ്വദേശിയായ മുഹമ്മദ് തുഫൈലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.