
തിരുവനന്തപുരം: ഡേറ്റിങ് ആപ് ഉപയോഗിച്ച് യുവാവിനെ കുടുക്കി തട്ടിക്കൊണ്ടു പോയി 3 പവൻ സ്വർണാഭരണം കവർന്ന സംഭവത്തിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വെഞ്ഞാറമൂട് സ്വദേശിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥരും ഉന്നത പദവികളിലിരിക്കുന്ന പലരും തട്ടിപ്പ് സംഘത്തിന്‍റെ വലയിലായ വിവരം ലഭിച്ചത്.
പണവും സ്വർണവും നഷ്ടമാകുമെങ്കിലും വിവരം പുറത്തറിയുമെന്ന ഭയം മൂലം ആരും പരാതിയുമായി എത്താറില്ലെന്നും പൊലീസ് പറഞ്ഞു. വെഞ്ഞാറമ്മൂട് സ്വദേശിക്ക് മാലയും മോതിരവുമാണ് നഷ്ടമായത്. സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ മുക്കുനൂർ ജങ്ഷനിൽ വിളിച്ചുവരുത്തി കാറിൽ കടത്തിക്കൊണ്ടുപോയി സ്വർണം ഊരിവാങ്ങി മർദിച്ച് അവശനാക്കി പാലോട് സുമതി വളവിൽ ഉപേക്ഷിച്ച സംഭവമാണ് പ്രതികളെ കുടുക്കിയത്.
യുവാവ് പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചിതറ കൊല്ലായിൽ പണിക്കവിള വീട്ടിൽ സുധീർ (24), മടത്തറ തടത്തരികത്ത് വീട്ടിൽ മുഹമ്മദ് സൽമാൻ (19), പോരേടം മണലയം അജ്മൽ മൻസിലിൽ ആഷിക് (19), ചിതറ കൊല്ലായിൽ പുത്തൻവീട്ടിൽ സജിത്ത് (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളുടെ ഫോൺവിവരവും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരികയാണ് പൊലീസ്. റിമാൻഡിലായ പ്രതികളെ വ്യാഴാഴ്ചയോടെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണത്തിനാണ് നീക്കം.
കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് സ്വദേശി ഡേറ്റിങ് ആപ്പ് തന്‍റെ ഫോണിൽ ഡൗൺലോഡ് ചെയ്തത്. ആപ്പിലൂടെ പരിചയപ്പെട്ട രണ്ടുപേർ അന്നേദിവസം വൈകുന്നേരത്തോടെ താൽപ്പര്യം അറിയിക്കുകയും ബന്ധപ്പെടാൻ തയാറാണെന്ന് പറയുകയുമായിരുന്നു.
ഇത് വിശ്വസിച്ച് മുക്കുന്നൂരിലേക്ക് എത്തിയ യുവാവിനെ കാറിൽവച്ച് സ്വവർഗരതിക്ക് ക്ഷണിച്ചു. ഇതിനിടെ ചിത്രം പകർത്തിയ ഒരാൾ ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവിന് തട്ടിപ്പ് മനസിലാകുന്നത്.
പിന്നാലെ അപരിചിതരെപ്പോലെ എത്തിയ സംഘത്തിലെ മറ്റ് രണ്ട് പേർ ഇയാളെ കാറിൽ നിന്ന് പുറത്തിറക്കി ക്രൂരമായി മർദ്ദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം ആഭരണം ഊരിയെടുത്ത ശേഷം മർദ്ദിച്ച് അവശനാക്കി മുഖം മൂടിക്കെട്ടി പാലോട് സുമതി വളവിൽ ഉപേക്ഷിക്കുകയായിരുന്നു.