
ശ്രദ്ധ വേണം പ്രമേഹ നിയന്ത്രണത്തിൽ; ചെറിയ ശ്രദ്ധക്കുറവ് കാഴ്ചക്കുറവു മുതൽ അന്ധതയ്ക്ക് വരെ കാരണമാകും
പ്രമേഹം മൂലം കണ്ണിലെ റെറ്റിനയിൽ ഉണ്ടാകുന്ന മാറ്റങ്ങളെയും ക്ഷതങ്ങളെയുമാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്നു പറയുന്നത്. കാഴ്ചക്കുറവു മുതൽ അന്ധത വരെയുണ്ടാകാൻ ഇടയാക്കുന്നതാണ് ഈ രോഗം. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുമ്പോൾ അത് റെറ്റിനയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുന്നു. ഇത് രക്തക്കുഴലുകളിൽ തടസ്സങ്ങളും വീക്കങ്ങളും ഉണ്ടാകാനിടയാക്കും.
കണ്ണിലെ ഈ നേരിയ രക്തക്കുഴലുകൾ ചിലപ്പോൾ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ചെയ്യും. റെറ്റിനയിലെ രക്തക്കുഴലുകളിൽ തടസ്സം വരുമ്പോൾ പുതിയ രക്തക്കുഴലുകൾ ഉണ്ടായിവരും. അതുകാരണം കാഴ്ചാതടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയേറുന്നു. ഡയബറ്റിസ് റെറ്റിനോപ്പതി അപൂർവരോഗമല്ല. പത്തുവർഷത്തിലേറെ പ്രമേഹമുള്ള 80 ശതമാനം രോഗികളിലും ഏതെങ്കിലും ഘട്ടങ്ങളിലുള്ള റെറ്റിനോപ്പതി കാണപ്പെടുന്നുണ്ട്.
ലക്ഷണങ്ങളും രോഗനിർണയവും
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടക്കത്തിൽ ചിലപ്പോൾ രോഗലക്ഷണങ്ങൾ ഒന്നും തന്നെയുണ്ടാവില്ല. ചില ലക്ഷണങ്ങൾ പലപ്പോഴും നാം അവഗണിക്കാം . കാഴ്ച മങ്ങൽ, കണ്ണിനുമുമ്പിൽ കറുത്ത പൊട്ടുകൾ ഒഴുകിപ്പോകുന്നതു പോലെ തോന്നുക, രാത്രി കാഴ്ച കുറയുക, വെളിച്ചത്തിനു ചുറ്റും വൃത്തങ്ങൾ കാണുക, ചിലപ്പോൾ പെട്ടെന്ന് കാഴ്ച പൂർണമായും നഷ്ടപ്പെടുക തുടങ്ങിയവയാണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങൾ. പ്രമേഹരോഗികൾ വർഷാവർഷം ഒരു നേത്രരോഗവിദഗ്ധനെ കൊണ്ട് കണ്ണ് പരിശോധിപ്പിക്കുകയും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്താൽ രോഗം ആരംഭദിശയിൽ തന്നെ കണ്ടെത്താനും സങ്കീർണതകളെ പ്രതിരോധിക്കാനും സാധിക്കും.
ഒഫ്താൽമോസ്കോപ്പി പരിശോധനയിലൂടെ റെറ്റിനയുടെ സ്ഥിതി നേരിട്ട് നിരീക്ഷിക്കാനാകും. ഫണ്ട്സ് ഫ്ലൂറസൈൻ ആൻജിയോഗ്രഫി വഴി രക്തക്കുഴലുകളിലെ തടസ്സങ്ങളും ചോർച്ചയും കണ്ടെത്താനാകും. ഒപ്റ്റിക്കൽ കൊഹെറൻസ് ടോമോഗ്രഫി വഴി റെറ്റിനയുടെ കനം അളക്കാനും അതിന്റെ പ്രധാന പാളികൾ നിരീക്ഷിക്കാനും വീക്കങ്ങൾ കണ്ടെത്താനും കഴിയും. ഇത്തരം ആധുനിക രോഗനിർണയ മാർഗങ്ങളിലൂടെ രോഗനിർണയം കൃത്യമായി ചെയ്യാനുള്ള സൗകര്യങ്ങൾ മിക്ക കണ്ണാശുപത്രികളിലും ലഭ്യമാണ്.
ചികിത്സ
കാലതാമസമില്ലാതെ രോഗം കണ്ടെത്തി ചികിത്സിക്കുക എന്നതാണ് പരമപ്രധാനം. അങ്ങനെയെങ്കിൽ ഉള്ള കാഴ്ച നിലനിർത്താനും സങ്കീർണതകൾ തടയാനും കഴിയും. ലേസർ സർജറി, കോർട്ടിക്കോ സ്റ്റിറോയ്ഡുകൾ, ആന്റി വി.ഇ.ജി.എഫ്ഏജന്റുകൾ കുത്തിവെപ്പായി നൽകുക, വിട്രെക്ടമി സർജറി മുതലായവയാണ് പ്രധാന ചികിത്സാരീതികൾ.
രോഗപ്രതിരോധം
മറ്റ് പല രോഗങ്ങളെയും പോലെ രോഗം പ്രതിരോധിക്കുക എന്നതുതന്നെയാണ് ഏറ്റവും നല്ല ചികിത്സാരീതി. തുടക്കത്തിൽ നാം കാണിക്കുന്ന അശ്രദ്ധ പിന്നീട് വലിയ വിപത്തായി ഭവിക്കാം. മുതിർന്നവരിൽ അന്ധതയുടെ പ്രധാനകാരണം ഡയബറ്റിക് റെറ്റിനോപ്പതി തന്നെയാണ്.
പ്രമേഹം തുടക്കംമുതലേ കൃത്യമായി ചികിത്സിച്ച് നിയന്ത്രണ വിധേയമാക്കുക, ചിട്ടയായ വ്യായാമം, ഭക്ഷണനിയന്ത്രണം, മരുന്നുകൾ എന്നിവയിലൂടെ ഇത് സാധ്യമാണ്. വെറും വയറ്റിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് കണ്ണുകളിലെയും വൃക്കകളിലെയും രക്തക്കുഴലുകളെ ബാധിക്കുന്നതിന് കാരണമാകും. മൂന്നുമാസത്തിലെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി കണക്കാക്കുന്ന എച്ച്.ബി.എ.1.സി ഏഴ് ശതമാനത്തിന് താഴെ നിർത്തുക എന്നതാണ് ചികിത്സയിലൂടെ ലക്ഷ്യമിടുന്നത്.
പ്രമേഹം പോലെ തന്നെ റെറ്റിനയെ തകരാറിലാക്കുന്ന മറ്റൊന്നാണ് രക്താതിമർദം. പ്രമേഹരോഗികളിൽ രക്തസമ്മർദം 120/80 എന്ന നിലയിൽ നിലനിർത്തേണ്ടതുണ്ട്.
ആഹാരത്തിൽ ഉപ്പ് കുറയ്ക്കുക,
പുകവലി ഒഴിക്കുക.
ഒപ്പം മരുന്നുകൾ ഉപയോഗിച്ചും ഇത് സാധ്യമാക്കണം.
രക്തത്തിൽ കൊഴുപ്പുകളുടെ ആധിക്യമുണ്ടെങ്കിൽ സ്റ്റാറ്റിൻ മരുന്നുകളുപയോഗിച്ച് അത് നിയന്ത്രണവിധേയമാക്കണം.
ഡയബറ്റിസ് റെറ്റിനോപ്പതി ഇല്ലാത്തവർ വർഷത്തിൽ ഒരിക്കലും, രോഗം കണ്ടെത്തിയവർ ആറുമാസത്തിൽ ഒരിക്കലോ അതിസധികമോ തവണയും നേത്രചികിത്സകനെ കാണേണ്ടത് അത്യാവശ്യമാണ്.